

മുംബൈ: ഇന്ത്യൻ വാഹനവിപണിയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ജാപ്പനീസ് വാഹനനിർമാതാക്കളായ സുസുക്കി, ടൊയോട്ട, ഹോണ്ട കമ്പനികൾ. പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന് ഏതാനും വർഷംകൊണ്ട് 97,000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിടുന്നത്. ചൈനയിൽ മത്സരം ശക്തമായതോടെ ഇന്ത്യയെ ഉത്പാദനകേന്ദ്രമാക്കി മാറ്റുന്നതിനും ഇവിടെനിന്നുള്ള കയറ്റുമതി ഉയർത്തുന്നതിനുമാണ് നീക്കം. (Car)
ചൈനയിൽ സായിക്, ബിവൈഡി പോലുള്ള കമ്പനികളിൽനിന്ന് കടുത്തമത്സരമാണ് വിദേശകമ്പനികൾ നേരിടുന്നത്. സാങ്കേതികമികവോടുകൂടി കുറഞ്ഞവിലയിൽ വിൽക്കുന്ന ബിവൈഡി കാറുകളോട് മത്സരിക്കാൻ അമേരിക്കൻ കമ്പനിയായ ടെസ്‌ലപോലും ബുദ്ധിമുട്ടുന്നു. വിലകുറച്ച് വിൽക്കാൻ നിർബന്ധിതമാകുന്നത് ലാഭത്തെ ബാധിക്കുന്നതാണ് വെല്ലുവിളി. ഇന്ത്യയിൽ ചൈനീസ് കാർകമ്പനികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തത്കാലത്തേക്ക് ഭീഷണിയില്ല. ഇത് അവസരമാക്കി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനാണ് പദ്ധതി.
സുസുക്കിയുടെ ഉപകമ്പനിയായ മാരുതി സുസുക്കിക്ക് ഇന്ത്യയിൽ 40 ശതമാനത്തിലധികം വിപണിവിഹിതമുണ്ട്. ഇന്ത്യയിൽ ഉത്പാദനശേഷി ഉയർത്തുന്നതിനായി സുസുക്കി 70,000 കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ 25 ലക്ഷത്തിൽനിന്ന് 40 ലക്ഷമായി ശേഷി ഉയർത്തുകയാണ് ലക്ഷ്യം. ഇതുവഴി ആഗോള ഉത്പാദനകേന്ദ്രമാക്കി ഇന്ത്യയെ മാറ്റുന്നതിനും ഇവിടെനിന്ന് കയറ്റുമതി ഉയർത്തുന്നതിനും സുസുക്കി ആലോചിക്കുന്നതായി പ്രസിഡന്റ് തോഷിഹിരോ സുസുക്കി വ്യക്തമാക്കുന്നു.
ടൊയോട്ടയുടെ ഹൈബ്രിഡ് വാഹനങ്ങൾക്ക് ഇന്ത്യയിൽ ആവശ്യംകൂടിയതോടെ ഇവയുടെ ഘടകങ്ങൾ തദ്ദേശീയമായി നിർമിക്കാൻ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യക്കായി പുതിയതും നിലവിലുള്ളതിന്റെ പുതിയ പതിപ്പുകളുമായി പതിനഞ്ചോളം പുതിയ വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് ടൊയോട്ട പദ്ധതിയിടുന്നത്. 2030-ഓടെ ഇന്ത്യയിലെ വിപണിവിഹിതം പത്തുശതമാനത്തിലെത്തിക്കാനും ലക്ഷ്യമിടുന്നു. നിലവിലിത് എട്ടുശതമാനമാണ്. ഭാവിവളർച്ചയിൽ ഇന്ത്യൻ വിപണി നിർണായകമാണെന്ന് ടൊയോട്ട പ്രസിഡന്റ് കോജി സാടോ ജപ്പാനിലെ മൊബിലിറ്റി ഷോയിൽ പ്രഖ്യാപിക്കുകയുംചെയ്തു.