

ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിടേണ്ടിവന്ന തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി പഠിക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കുണ്ടെന്ന് ശശി തരൂർ എം.പി. അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) നയിച്ച മഹാസഖ്യത്തിന്റെ ഭാഗമായാണ് കോൺഗ്രസ് മത്സരിച്ചത്.
ബിഹാറിലേത് പോലുള്ള ജനവിധിയിൽ, പാർട്ടിയുടെ പ്രകടനത്തെ സമഗ്രമായി പരിശോധിക്കേണ്ടത് പ്രധാനമാണ്. "ജനങ്ങളുടെ പൊതുവായ ഒരു മാനസികാവസ്ഥയുണ്ട്. സംഘടനയുടെ ശക്തിദൗർബല്യങ്ങളെക്കുറിച്ച് ചോദ്യങ്ങളുണ്ട്. ഇവയെല്ലാം പരിശോധിക്കേണ്ട വിഷയങ്ങളാണ്," അദ്ദേഹം പറഞ്ഞു. സഖ്യത്തിലെ പ്രധാന പങ്കാളി കോൺഗ്രസ് ആയിരുന്നില്ലെന്നും ആർ.ജെ.ഡി.യും അവരുടെ പ്രകടനം ശ്രദ്ധാപൂർവ്വം വിലയിരുത്തേണ്ടതുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിച്ചിട്ടില്ലാത്തതിനാൽ വ്യക്തിപരമായ അനുഭവത്തിൽനിന്ന് അധികമൊന്നും പറയാനാവില്ലെന്ന് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിഹാറിൽ ഉണ്ടായിരുന്നവർ തീർച്ചയായും ഫലം പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.