ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ കാർത്തിക ഏകാദശിയോടനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു. മരിച്ചവരിൽ എട്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. പ്രവേശന കവാടം അടച്ചതാണ് അപകടത്തിന് കാരണമായതെന്ന് മന്ത്രി നാരാ ലോകേഷ് അറിയിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.( Andhra Pradesh temple tragedy, Minister says it is due to entrance gate being closed)
കാർത്തിക മാസത്തിലെ ഏകാദശി ദിവസമായ ശനിയാഴ്ച ക്ഷേത്രത്തിൽ വലിയ ജനപ്രവാഹമാണ് അനുഭവപ്പെട്ടത്. ഏകദേശം 15,000 പേർ സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു.
പ്രവേശന കവാടം അടച്ചതോടെ പുറത്തിറങ്ങാനുള്ള ഗേറ്റിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തി. ഇതുവഴി അകത്തേക്ക് കയറാൻ ശ്രമിച്ചതോടെ വലിയ തിരക്ക് രൂപപ്പെട്ടു. പ്രവേശന കവാടത്തിൽ പടികളുണ്ട്. മുകളിലുണ്ടായിരുന്ന ഒരാൾ കൈവരി ഒടിഞ്ഞ് ജനക്കൂട്ടത്തിലേക്ക് വീണത് പരിഭ്രാന്തി പരത്തി. ആളുകൾ ചിതറിയോടിയതോടെ അപകടമുണ്ടാവുകയായിരുന്നു. ഇത്രയും വലിയ തിരക്ക് ഉണ്ടാകുമെന്ന് സംഘാടകർ കരുതിയില്ലെന്നും മന്ത്രി പറഞ്ഞു.
ആളുകൾക്ക് പ്രവേശിക്കാൻ ഒരു കവാടവും പുറത്തിറങ്ങാൻ ഒരു കവാടവും മാത്രമാണ് ഉണ്ടായിരുന്നതെന്ന് ശ്രീകാകുളം എസ്പി കെ.വി. മഹേശ്വര റെഡ്ഡി പറഞ്ഞു. പടിക്കെട്ടിന്റെ ഭാഗത്തെ ഇരുമ്പ് കൈവരി തകർന്നതും അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രം 10 കോടി രൂപ മുടക്കി 12 ഏക്കറിലാണ് അടുത്തിടെ നിർമ്മിച്ചത്. കഴിഞ്ഞ മേയ് മുതലാണ് ഇവിടെ പൂജകൾ തുടങ്ങിയത്.