മുറ്റത്ത് കിടന്നുറങ്ങിയ എട്ട് വയസ്സുകാരന് നേരെ പുള്ളിപ്പുലിയുടെ ആക്രമണം
Nov 19, 2023, 16:12 IST

ഉത്തർപ്രദേശിലെ ആഗ്രയിൽ എട്ടുവയസ്സുകാരനെ പുള്ളിപ്പുലി ആക്രമിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന ആൺകുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. ശേഷം കുട്ടിയെ വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാൻ നോക്കി. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയതോടെയാണ് സംഭവം അറിയുന്നത്. ആളുകളെ കണ്ടതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. ആഗ്രയിലെ സയാൻ ഗ്രാമത്തിൽ നിന്നുള്ള ഡേവിഡ് എന്ന ബാലനാണ് പുലിയുടെ ആക്രമണത്തിനിരയായത്. കുട്ടിയുടെ ശരീരത്തിൽ വിവിധ ഇടങ്ങളിലായി ആഴത്തിലുള്ള മുറിവുകളുണ്ട്. 75 തുന്നലുകൾ കുട്ടിയുടെ ശരീരത്തിലുള്ളതായി ഡോക്ടർമാർ വ്യക്തമാക്കുന്നു.
