അമൃതപാൽ സിംഗ് ഒളിവിൽ തന്നെ; പഞ്ചാബിൽ സുരക്ഷ ശക്തമാക്കി

അതേസമയം, അമൃതപാലിന്റെ രണ്ട് കാറുകൾ പോലീസ് പിടിച്ചെടുത്തു. തോക്കുധാരികളായ അനുയായികളെ പിടികൂടി. ഇവരിൽ നിന്നും കണ്ടെത്തിയ തോക്കുകൾക്ക് ലൈസൻസുണ്ടോയെന്ന് പരിശോധിച്ചു. റെയ്ഡുമായി ബന്ധപ്പെട്ട് ഇതുവരെ 78 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മതമൗലിക നേതാവ് ദീപ് സിദ്ധു റോഡ് അപകടത്തില്‍ മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പം സഞ്ചരിക്കുന്ന അമൃത്പാലിന്റെ പല നടപടികളും വിവാദത്തിന് കാരണമായിരുന്നു. ഫെബ്രുവരി 23 ന് പഞ്ചാബില്‍ ഉണ്ടായ വന്‍ സംഘർഷവും ഇയാള്‍ ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. ഒപ്പമുള്ള ലവ്പ്രീതി സിംഗിനെ അജ്നാന പോലീസ് പിടികൂടിയപ്പോള്‍ അമൃത്പാലിന്റെ അനുചരന്മാര് ആയുധവുമായി സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയിരുന്നു. തട്ടിക്കൊണ്ട് പോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ ഇയാൾക്കെതിരെ നിലവില്‍ ഉണ്ട്. ബൈക്കിലാണ് അമൃതപാൽ പോലീസിനെ വെട്ടിച്ച് കടന്നത്. ഏഴ് ജില്ലകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന, സംസ്ഥാന പോലീസിന്റെ പ്രത്യേക സംഘം ജലന്ധറിലെ ഷാഹ്കോട്ട് തഹ്സിലിൽ വച്ച് അമൃത്പാൽ സിംഗിന്റെ വാഹനവ്യൂഹത്തെ പിന്തുടർന്നിരുന്നു. എന്നാൽ, ഇയാളെ പിടികൂടാനായില്ല.