പരസ്ത്രീ ബന്ധം ആരോപിച്ച് ഭാര്യ ചൂടുവെള്ളത്തിൽ മുളക് കലക്കി മുഖത്തൊഴിച്ചു; ഭർത്താവ് ആശുപത്രിയിൽ

മംഗളൂരു: പരസ്ത്രീ ബന്ധം ആരോപിച്ച് യുവതി ഭർത്താവിന്റെ മുഖത്ത് മുളക് പൊടി കലക്കിയ തിളക്കുന്ന വെള്ളം തൂവിയതായി പരാതി. കടപാടിക്കടുത്ത മണിപുരയിൽ മുഹമ്മദ് ആസിഫ് (22) ആണ് അക്രമത്തിന് ഇരയായത്.
11 മാസം മുമ്പായിരുന്നു ഹുസൈൻ -മൈമൂന ദമ്പതികളുടെ മകൾ അഫ്റീനും മുഹമ്മദ് ആസിഫും വിവാഹിതരായത്. ഒന്നര മാസം മാത്രം തന്റെ വീട്ടിൽ നിന്ന ഭാര്യ സ്വന്തം വീട്ടിലേക്ക് പോയെന്നും താനും അവിടേക്ക് താമസം മാറ്റിയെന്നും യുവാവ് പറഞ്ഞു.
തനിക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുക പതിവാണ്. ഞായറാഴ്ച വൈകുന്നേരം 6.45 ഓടെ താൻ കുളിക്കുമ്പോൾ ഭാര്യ വാതിലിൽ മുട്ടുകയും തുറന്നയുടൻ തിളങ്ങുന്ന മുളക് വെള്ളം തൂവിയെന്നും പരാതിയിൽ പറയുന്നു. ഇടതു കവിളും ശരീരത്തിന്റെ ഇടത് ഭാഗങ്ങളും പൊള്ളി നീറി. നിലവിളിച്ച് പുറത്തേക്ക് ഓടിയ തന്നെ ഭാര്യയും മാതാപിതാക്കളും മുറിയിൽ അടച്ചിട്ടതായും പരാതിയുണ്ട്. അയൽക്കാർ അറിഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ കൗപ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
