'സ്‌ഫോടനവുമായി ബന്ധമില്ല, രാസവസ്തുക്കളോ മറ്റ് സാമഗ്രികളോ ക്യാമ്പസിൽ സൂക്ഷിച്ചിട്ടില്ല': ഡൽഹി സ്ഫോടനം സംബന്ധിച്ച് പ്രസ്താവനയിറക്കി അൽഫലാ സർവകലാശാല, സ്ഫോടന സമയത്തെ CCTV ദൃശ്യങ്ങൾ പുറത്ത് | Delhi blast

റെഡ് ഫോർട്ട് ചൗക്ക് ട്രാഫിക് സിഗ്നലിലെ ദൃശ്യങ്ങളാണ് ലഭിച്ചത്
'സ്‌ഫോടനവുമായി ബന്ധമില്ല, രാസവസ്തുക്കളോ മറ്റ് സാമഗ്രികളോ ക്യാമ്പസിൽ സൂക്ഷിച്ചിട്ടില്ല': ഡൽഹി സ്ഫോടനം സംബന്ധിച്ച് പ്രസ്താവനയിറക്കി അൽഫലാ സർവകലാശാല, സ്ഫോടന സമയത്തെ CCTV ദൃശ്യങ്ങൾ പുറത്ത് | Delhi blast
Published on

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർമാർ തങ്ങളുടെ ജീവനക്കാർ മാത്രമായിരുന്നുവെന്നും, സ്ഫോടനവുമായി സർവകലാശാലയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അൽഫലാ സർവകലാശാല പ്രസ്താവനയിറക്കി. സർവകലാശാല സ്ഫോടനത്തെ അപലപിച്ചു.(AlFalah University issues statement on Delhi blast)

സ്ഫോടനത്തിൽ ഉൾപ്പെട്ട ഡോക്ടർമാർ ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അൽഫലാ സർവകലാശാലയിൽ പോലീസ് പരിശോധന തുടരുകയാണ്. സ്ഫോടനത്തിൽ ഉപയോഗിച്ച തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സർവകലാശാലയിൽ സൂക്ഷിച്ചിട്ടില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. അന്വേഷണ ഏജൻസികളുമായി പൂർണമായും സഹകരിക്കുമെന്നും സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു.

സർവകലാശാലയിലെ 70 പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. ആശുപത്രിയിലെ മറ്റാർക്കെങ്കിലും ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ഇതിനിടെ സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സർവകലാശാലാ കാമ്പസിനുള്ളിലെ പള്ളി ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്ഫോടനക്കേസിലെ പ്രതികളുടെ കൂടുതൽ നീക്കങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമ്മിലും വാങ്ങിയതായാണ് സൂചന. ഈ കാറുകൾ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ചത് ഹരിയാനയിലെ ഫരീദാബാദിലെ താഗ ഗ്രാമത്തിലെ ഒളിത്താവളത്തിലായിരുന്നു. ഇവിടെ നിന്നാണ് 2600 കിലോയോളം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. മുസമ്മിലിനെ പോലീസ് പിടികൂടിയതും ഇവിടെ നിന്നാണ്. ഐ20 കാർ വാങ്ങിയ ശേഷം ഉമർ അത് പാർക്ക് ചെയ്തിരുന്നത് സർവകലാശാലാ കാമ്പസിനുള്ളിലായിരുന്നു. ഒക്ടോബർ 29 മുതൽ നവംബർ 10 വരെ ഉമർ കാർ ഇവിടെ ഒളിപ്പിച്ചു. കൂട്ടാളികൾ പിടിയിലായ വിവരമറിഞ്ഞതോടെ കാമ്പസിലെത്തിയ ഉമർ കാർ എടുത്ത് പുറപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹരിയാന പോലീസ് ശേഖരിച്ചിട്ടുണ്ട്.

സ്ഫോടനം നടന്ന സമയത്തെ ട്രാഫിക് സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റെഡ് ഫോർട്ട് ചൗക്ക് ട്രാഫിക് സിഗ്നലിലെ ദൃശ്യങ്ങളാണ് ഇപ്പോൾ ലഭിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com