

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു. തണുപ്പുകാലം കൂടി ആരംഭിച്ചതോടെ ഡൽഹിയിലെ വായു മലിനീകരണം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. ആകെയുള്ള എയർ ക്വാളിറ്റി ഇൻഡക്‌സ് (AQI) 382 എന്ന നിലയിലാണ്. ഇത് ‘വളരെ മോശം’ (Very Poor) എന്ന വിഭാഗത്തിന്റെ ഉയർന്ന പരിധിയാണ്. ഇപ്പോൾ ഡൽഹിയിലെ അന്തരീക്ഷ താപനില 19° സെൽഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. ഇതിനൊപ്പം കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം വർധിക്കാൻ ഇടയാക്കി.
മിക്ക പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം 400-ന് മുകളിൽ തന്നെയാണ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ, എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ (CAQM) നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (GRAP) രണ്ടാം ഘട്ടം ഉടൻ തന്നെ മൂന്നാം ഘട്ടത്തിലേക്ക് (Stage-III) കടക്കാൻ സാധ്യതയുണ്ട്.
അനന്ദ് വിഹാർ, അശോക് വിഹാർ, ബവാന, ചാന്ദ്നി ചൗക്ക്, ദ്വാരക സെക്ടർ-8, ജഹാംഗീർപുരി, നെഹ്റു നഗർ, മുണ്ടക, പഞ്ചാബി ബാഗ്, രോഹിണി, സിരിഫോർട്ട്, വിവേക് വിഹാർ, വസീർപൂർ തുടങ്ങിയ സ്ഥലങ്ങളിൽ വായുവിന്റെ ഗുണനിലവാരം അപകടകരമായ രീതിയിലാണ് ഉള്ളത്.
നിലവിലുള്ള പ്രധാന നിയന്ത്രണങ്ങൾ
നിശ്ചിത പരിധിയിലുള്ള ഡീസൽ ജനറേറ്റർ സെറ്റുകളുടെ ഉപയോഗത്തിന് നിയന്ത്രണം.
പൊടിപടലങ്ങൾ കുറയ്ക്കുന്നതിനായി കൂടുതൽ സ്ഥലങ്ങളിൽ വെള്ളം സ്‌പ്രേ ചെയ്യും.
റോഡുകൾ വൃത്തിയാക്കുന്നതിനുള്ള യന്ത്രവൽകൃത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും.
ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ മൂന്നാം ഘട്ടം
വായു ഗുണനിലവാര സൂചിക 400 കവിയുകയാണെങ്കിൽ GRAP-III പ്രഖ്യാപിക്കും. ഈ ഘട്ടം നടപ്പിലാക്കിയാൽ, അടിയന്തിര ആവശ്യങ്ങൾക്കല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ, പൊളിച്ചുനീക്കലുകൾ, ബിഎസ്-III പെട്രോൾ, ബിഎസ്-IV ഡീസൽ വാഹനങ്ങൾ ഓടിക്കുന്നത് എന്നിവയ്ക്ക് ഡൽഹിയിലും എൻസിആർ മേഖലയിലെ ചില ജില്ലകളിലും വിലക്ക് ഏർപ്പെടുത്തും. ഗുരുതരമായ ഈ മലിനീകരണം നഗരത്തിലെ ജനങ്ങളുടെ ആരോഗ്യത്തെ, പ്രത്യേകിച്ച് കുട്ടികളെയും പ്രായമായവരെയും വലിയ തോതിൽ ബാധിക്കാൻ സാധ്യതയുണ്ട്.