

ഇന്ത്യയുടെ പൗരാണികവും ആത്മീയവുമായ പൈതൃകത്തിൽ മഹാക്ഷേത്രമായ ഗുജറാത്തിലെ സോമനാഥ് ജ്യോതിർലിംഗം ക്ഷേത്രത്തിന് (Shree Somnath Jyotirlinga Temple) ഒരു പ്രത്യേക സ്ഥാനമുണ്ട്. സങ്കീർണ്ണമായ കൊത്തുപണികളാൽ സമ്പന്നമായ സോമനാഥ് ക്ഷേത്രം ഇന്ത്യയിൽ പന്ത്രണ്ട് പുണ്യ ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേത് ഉയർന്നുവന്ന സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. തേൻ പോലെ നിറമുള്ള ക്ഷേത്രം അനന്തക്കാലം മുതൽ നിലനിന്നു പോരുന്ന ശിവക്ഷേത്രങ്ങളിലൊന്നായി വിശ്വസിക്കപ്പെടുന്നു. മഹാഭാരതം, ശിവപുരാണം, സ്കന്ദപുരാണം എന്നിവയിൽ സോമനാഥ് ജ്യോതിർലിംഗം ക്ഷേത്രത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
ഗുജറാത്തിലെ വിരാവലിലെ (Veraval) തെക്കന്‍ കടല്‍ തീരത്തിന്‍റെ പടിഞ്ഞാറാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ ദൃഷ്ടി ദക്ഷിണ ധ്രുവത്തിലേക്കാണ് എന്ന സവിശേഷത കൂടിയുണ്ട് ക്ഷേത്ര സ്ഥാനത്തിന്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ശിവനാണ്. ശൈവ വൈഷ്ണവ ശക്തികളുടെ ഭൂമിയിലെ സംഗമ സ്ഥാനം കൂടിയാണ് ഈ ക്ഷേത്രം. ഭഗവാൻ ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണം നടന്നത് ഇവിടെയാണ് എന്നാണ് വിശ്വാസം. ദ്വാപര യുഗത്തില്‍ വേടനായി ജന്മം കൊണ്ട് ജരൻ ശ്രീക്ഷ്ണന്‍റെ പെരുവിരലില്‍ അമ്പെയ്ത് വധിച്ചത് ഈ പ്രദേശത്താണ് എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്.
പല അധിനിവേശകരുടെയും ആക്രമണത്തിന്റെ നിരന്തരം ഇരയായിരുന്നു ഈ ക്ഷേത്രം. ഒന്നിന് പിറകെ ഒന്നായി പതിനേഴ് തവണയാണ് സോമനാഥ് ക്ഷേത്രം തകർക്കപ്പെട്ടത്. 1026 ൽ, ചൗലൂക്യ രാജാവായ ഭീമൻ ഒന്നാമന്റെ ഭരണ കാലത്ത് തുർക്കി മുസ്ലീം ഭരണാധികാരി മഹ്മൂദ് ഗസ്നി സോമനാഥ് ക്ഷേത്രം ആക്രമിച്ച് കൊള്ളയടിക്കുന്നു. ക്ഷേത്രത്തിലെ ജ്യോതിർലിംഗം തകർക്കുന്നു. എന്നിരുന്നാലും, ചൗലൂക്യ രാജവംശത്തിലെ കുമാരപാല രാജാവ് ക്ഷേത്രം പുനർനിർമ്മിക്കുന്നു. 1038 ഓടെ ക്ഷേത്രത്തിൽ പൂജകൾ വീണ്ടും ആരംഭിക്കുന്നു. 1299 ൽ, അലാവുദ്ദീൻ ഖൽജിയുടെ സേന പിന്നെയും ക്ഷേത്രം തച്ചുടയ്ക്കുന്നു.
1390 ൽ മുസാഫർ ഷാ ഒന്നാമൻ, 1490 ൽ മുഹമ്മദ് ബെഗാര, 1530 ൽ മുസാഫർ രണ്ടാമൻ, 1701 ൽ ഔറംഗസീബ് എന്നിവർ പലതവണ ക്ഷേത്രം ആക്രമിച്ച് തകർക്കുന്നു. ഓരോ തവണയും ക്ഷേത്രം തകർക്കപ്പെട്ടപ്പോൾ പ്രദേശത്തെ ഭരണാധികാരികൾ ക്ഷേത്രം പുനർനിർമ്മിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം 1950 ൽ സർദാർ വല്ലഭായ് പട്ടേൽ ക്ഷേത്ര പുനരുദ്ധാരണത്തിന് നേതൃത്വം നൽകി. മൂന്ന് വർഷത്തെ നിർമ്മാണത്തിന് ഒടുവിൽ 1951 മെയ് 11 ന് രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് നിലവിലെ ക്ഷേത്രത്തിന്റെ പ്രാണ്‍ പ്രതിഷ്ഠ നടത്തി.
സോളങ്കി നിര്‍മ്മാണ മാതൃകയിലാണ് ഇപ്പോള്‍ സോമനാഥം പുതുക്കിപ്പണിതിരിക്കുന്നത്. ഗര്‍ഭ ഗൃഹം, സഭാമണ്ഡപം, നൃത്യമണ്ഡപം എന്നിവയടങ്ങുന്നതാണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ ശ്രീ ഗോപുരത്തിന്റെ ഉയരം 155 അടിയാണ്. ശിഖരത്തിന് മുകളിലെ കലശത്തിന്റെ ഭാരം 10 ടണ്ണാണ്. ക്ഷേത്രത്തിന് പിന്നിൽ നിലകൊള്ളുന്ന അബാധിത് സമുദ്ര മാര്‍ഗ്ഗ് ത്രിസ്തംഭം ദക്ഷിണ ധ്രുവത്തിലേക്കുള്ള സമുദ്രമാര്‍ഗ്ഗത്തിലേക്കാണ് ചൂണ്ടുന്നത്. ക്ഷേത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ് ഗീതാ മന്ദിരം. ഇതിലെ പതിനെട്ട് തൂണുകൾ അതി മനോഹരമായ ഭഗവദ് ഗീതയെ പ്രതിനിധാനം ചെയുന്ന കൊത്തുപണികളാൽ സമ്പന്നമാണ്.
ക്ഷേത്ര ഐതിഹ്യം
സോംനാഥ് ക്ഷേത്രം നിർമ്മിച്ചത് ചന്ദ്രദേവനായ സോമൻ എന്നാണ് ഐതിഹ്യം. ദക്ഷ പ്രജാപതിയുടെ 27 നക്ഷത്ര കന്യകമാരെ ചന്ദ്രന്‍ദേവൻ വിവാഹം ചെയ്തു. അതോടെ ചന്ദ്രദേവൻ നക്ഷത്രങ്ങളുടെ ദേവനായി മാറി. 27 ഭാര്യമാരിൽ ചന്ദ്രദേവന് ഏറെ പ്രിയം രോഹിണിയോടായിരുന്നു. എന്നാൽ ഇത് മറ്റു നക്ഷത്രങ്ങളെ ചൊടിപ്പിച്ചിരുന്നു. ഈ വാർത്ത അറിഞ്ഞ ദക്ഷ പ്രജാപതി ചന്ദ്രദേവന്റെ ശോഭ ക്ഷയിച്ചുപോകട്ടെ എന്ന് ശപിച്ചു. ശിവഭക്തനായ ചന്ദ്രൻ ശാപമോചനത്തിനായി ശിവനെ തപസ്സു ചെയ്തു. അങ്ങനെ ചന്ദ്രന് ശാപമോക്ഷം പ്രാപ്തമായി. അതോടെ ശാപവിമോചനത്തിനായി ചന്ദ്രദേവൻ ഈ ക്ഷേത്രം നിർമ്മിക്കുകയായിരുന്നു. സ്വര്‍ണ്ണം കൊണ്ടാണ് ചന്ദ്രദേവൻ സോംനാഥ ക്ഷേത്രം പണിയുന്നത്. പിന്നീട് അഗ്നിദേവൻ, രാമചന്ദ്രമൂർത്തി, ദ്വാപര യുഗത്തില്‍ ശ്രീകൃഷ്ണൻ എന്നിവർ ക്ഷേത്രം പുനർനിർമ്മിച്ചതായ ഐതിഹ്യവും ഇവിടെ പ്രചാരണത്തിൽ ഉണ്ട്.
പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കന്മാരാണ് ക്ഷേത്രം നിർമ്മിച്ചത് എന്ന വിശ്വാസവും പ്രചാരണത്തിലുണ്ട്. രുദ്രമാല എന്ന സോളങ്കി വാസ്തു ശൈലിയിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. പിൽകാലത്ത് ഇവിടം മാറി മാറി ഭരിച്ച രാജാക്കന്മാർ തങ്ങളുടേതായ അതുല്യമായ മുദ്ര ക്ഷേത്രത്തിന് നൽകിയിരുന്നു.