ദളിത് സ്ത്രീ വെള്ളം കുടിച്ച കുടിവെള്ള ടാങ്ക് ഗോമൂത്രമുപയോഗിച്ച് വൃത്തിയാക്കി മേല്‍ജാതിക്കാര്‍; സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ദളിത് യുവാക്കള്‍

ദളിത് സ്ത്രീ വെള്ളം കുടിച്ച കുടിവെള്ള ടാങ്ക് ഗോമൂത്രമുപയോഗിച്ച് വൃത്തിയാക്കി മേല്‍ജാതിക്കാര്‍; സംഭവത്തിൽ പ്രതിഷേധം അറിയിച്ച്  ദളിത് യുവാക്കള്‍
മൈസൂരു: കർണാടകത്തിൽ ദളിത് സ്ത്രീ വെള്ളംകുടിച്ച കുടിവെള്ളടാങ്ക് ഗോമൂത്രമുപയോഗിച്ച് വൃത്തിയാക്കി ഇതര ജാതിക്കാർ. ചാമരാജനഗറിലെ ഹെഗ്ഗോതറ ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഗ്രാമത്തിലെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ എച്ച്.ഡി. കോട്ടയിലെ സ്ത്രീയാണ് കുടിവെള്ളടാങ്കിനോടുചേർന്ന പൈപ്പിൽ നിന്ന് വെള്ളം കുടിച്ചത്. ഇതുകണ്ട പ്രദേശത്തെ ഏതാനും ഇതരജാതിക്കാർ സ്ത്രീയെ ശകാരിക്കുകയും  സ്ത്രീ ഗ്രാമത്തിൽ നിന്ന് പോയശേഷം ഇവർ പൈപ്പുതുറന്ന് ടാങ്കിലെ വെള്ളം പൂർണമായി ഒഴുക്കിക്കളയുകയുമായിരുന്നു. ഇതിനുശേഷം ഗോമൂത്രമുപയോഗിച്ച് ടാങ്ക് വൃത്തിയാക്കി. പിന്നാലെ സംഭവത്തില്‍ പ്രതിഷേധിച്ച് ദളിത് യുവാക്കള്‍ ഗ്രാമത്തിലെത്തി എല്ലാ ജലസംഭരണികളില്‍ നിന്നും വെളളം കുടിച്ചു.ചാമരാജനഗര്‍ തഹസില്‍ദാര്‍ ബസവരാജ്, സാമൂഹികക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മല്ലികാര്‍ജുന്‍, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാക്കള്‍ ഗ്രാമത്തിലെത്തിയത്. ഇവര്‍ ജലസംഭരണികളില്‍ നിന്ന് വെളളം കുടിക്കുകയും കൂടാതെ ഇത് പൊതു ഉപയോഗത്തിനുളളതാണെന്നും ആര്‍ക്ക് വെണമെങ്കിലും ഇതില്‍ നിന്ന് വെള്ളം കുടിക്കാം എന്ന് വ്യക്തമാക്കുന്ന ഒരു സന്ദേശവും ടാങ്കുകളില്‍ എഴുതി ഒട്ടിച്ചു.

സംഭവത്തില്‍ ഗിരിയപ്പ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ മഹാദേവയ്‌ക്കെതിരെ എസ്‌സി, എസ്ടി അതിക്രമം തടയല്‍ നിയമ പ്രകാരം കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരും കാലങ്ങളില്‍ ഗ്രാമത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകരുതെന്നും സാമൂഹിക സൗഹാര്‍ദ്ദത്തിന്റെ ശക്തമായ സന്ദേശം ജനങ്ങളില്‍ എത്തിക്കാനാണ് ദളിത് യുവാക്കളോട് ടാങ്കിലെ വെളളം കുടിക്കാന്‍ ആവശ്യപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ നേതാക്കന്മാരോട് പറഞ്ഞു.


സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹികക്ഷേമവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ചാമരാജനഗർ തഹസിൽദാർ ഐ.ഇ. ബസവരാജ് പറഞ്ഞു.

Share this story