തമിഴ്നാട്ടില്‍ കള്ളന്മാര്‍ അടിച്ച് മാറ്റിയത് 600 മൊബൈല്‍ ടവറുകൾ; ഞെട്ടൽ മാറാതെ പോലീസും

 തമിഴ്നാട്ടില്‍ കള്ളന്മാര്‍ അടിച്ച് മാറ്റിയത് 600 മൊബൈല്‍ ടവറുകൾ; ഞെട്ടൽ മാറാതെ പോലീസും 
 ചെന്നൈ: തമിഴ്നാട്ടില്‍ കള്ളന്മാര്‍ അടിച്ച് മാറ്റിയത് 600 മൊബൈല്‍ ടവറുകൾ. മാസങ്ങളായി പ്രവര്‍ത്തിപ്പിക്കാതിരുന്ന തങ്ങളുടെ ഒരു ടവര്‍ കാണാനില്ലെന്ന് കാണിച്ച് ഒരു ടെലികോം കമ്പനി നല്‍കിയ പരാതിയില്‍ പൊലീസിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിടിഎല്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് ഇ-റോഡ് ചിന്നമലയില്‍ ഒരു ടവര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ടവര്‍ ഉപയോഗിച്ചിരുന്ന ടെലികോം കമ്പനി 2017ഓടെ പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ ടവര്‍ പ്രവര്‍ത്തന രഹിതമായി. എന്നാല്‍ കഴിഞ്ഞ ദിവസം ടവറിനെ കുറിച്ച് കമ്പനി അധികൃതര്‍ അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ടവർ മോഷണം പോയെന്ന വിവരം അറിയുന്നത്. 32 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ടവര്‍ കണാതായതോടെ കമ്പനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് മോഷണത്തിന്‍റെ ചുരുള്‍ അഴിയുന്നത്.കണക്ക് പ്രകാരം കമ്പനിക്ക് 6000 ടവറുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിന്‍റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി ഒരു റീജിണല്‍ ഓഫീസ് ചെന്നെയില്‍ സ്ഥാപിക്കുകയും ചെയ്തു. ഒരു വിദേശ മൊബൈല്‍ നെറ്റ്‌വര്‍ക്കിങ് കമ്പനിക്ക് വേണ്ടിയായിരുന്നു ജിടിഎല്‍ ടവറുകള്‍ സ്ഥാപിച്ചത്. എന്നാല്‍ 2017ല്‍ രാജ്യത്തെ നെറ്റ്‌വര്‍ക്ക് സര്‍വീസുകള്‍ ടെലികോം കമ്പനി നിര്‍ത്തി.ഇതോടെ ജിടിഎല്ലിന്‍റെ പല ടവറുകളും പ്രവര്‍ത്തന രഹിതമായി. പിന്നീട് ചിലത് മറ്റ് കമ്പനികള്‍ ഏറ്റെടുത്തു. അപ്പോഴും കമ്പനിയുടെ ചില ടവറുകള്‍ പ്രവര്‍ത്തിക്കാതെ തുടര്‍ന്നു. എന്നാല്‍ ജിടിഎല്‍ പ്രവര്‍ത്തിക്കാത്ത ടവറുകളുടെ പരിപാലനം തുടരുകയായിരുന്നു. കൊവിഡ് വന്നതോടെ പരിപാലനവും നിരീക്ഷണവും കമ്പനി നിര്‍ത്തി.ഇതാണ് മോഷ്ടാക്കള്‍ക്ക് ഗുണകരമായത്. കൊവിഡാനന്തരം കമ്പനിയുടെ 600 ടവറുകള്‍ അപ്രത്യക്ഷമായി. നാളുകള്‍ക്കിപ്പുറം മോഷണ വിവരം പൊലീസ് കണ്ടെത്തിയതോടെയാണ് ഇത്തരത്തില്‍ വലിയ മോഷണ നടന്നതായി കമ്പനി അറിഞ്ഞത്. ഒരു ടവറിന്‍റെ നിര്‍മാണത്തിന് 25 ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപ വരെ ചെലവ് വരുന്നതെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ കമ്പനിയിലെ തൊഴിലാളിയുടെ സഹായത്തോടെ ഏതോ സംഘം ടവറുകള്‍ മോഷ്ടിച്ചതാകാമെന്നും കമ്പനി പറയുന്നു.

Share this story