ഹൈദരാബാദ്: ജിഡിമെറ്റ്‌ല, ഷാപൂർ നഗറിൽ പ്രവർത്തിക്കുന്ന നഴ്‌സറി സ്‌കൂളിൽ നാല് വയസുകാരിക്ക് നേരെ അതിക്രൂര മർദനം. സ്‌കൂളിലെ ജീവനക്കാരി കുട്ടിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.(4-year-old girl brutally beaten at nursery school in Hyderabad)
സ്‌കൂൾ ജീവനക്കാരി കുട്ടിയെ നിലത്തെറിയുന്നതും, ചവിട്ടുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്നതും, കഴുത്ത് ഞെരിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമിക്കപ്പെട്ട കുട്ടി, ഇതേ സ്‌കൂൾ ബസിലെ ആയയായി ജോലി ചെയ്യുന്ന ജീവനക്കാരിയുടെ മകളാണ്. സ്‌കൂളിലെ മറ്റൊരു ജീവനക്കാരിയായ ലക്ഷ്മിയാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്.
ആക്രമണത്തിന് പിന്നിൽ രണ്ട് ജീവനക്കാർ തമ്മിലുള്ള തർക്കമാകാമെന്നാണ് പോലീസ് കരുതുന്നത്. ഞായറാഴ്ച സ്കൂളിൽ ക്ലാസ് നടന്നിരുന്നു. സ്കൂൾ ബസിൽ മറ്റ് കുട്ടികളെ വീടുകളിലേക്ക് വിടാൻ ആയ പോയ സമയത്താണ് ഇവരുടെ നാല് വയസുകാരിയായ മകൾ ആക്രമിക്കപ്പെട്ടത്. കുട്ടിയുടെ അമ്മ കാരണം തനിക്ക് ജോലി നഷ്ടപ്പെടുമെന്ന് ലക്ഷ്മി ഭയന്നിരുന്നതിനാലാകാം കുട്ടിയെ ആക്രമിക്കാൻ കാരണമെന്ന് പോലീസ് പറയുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. പ്രതിയായ ലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും, സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.