ശ്രീലങ്കൻ നാവികസേന പിടികൂടിയ 22 രാമേശ്വരം മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു
Nov 19, 2023, 11:39 IST

ന്യൂഡൽഹി: ശ്രീലങ്കൻ നാവികസേന പിടികൂടിയ 22 മത്സ്യത്തൊഴിലാളികളെയും കേന്ദ്രസർക്കാർ ഇടപെടലിനെ തുടർന്ന് മോചിപ്പിച്ചു. പിടിച്ചെടുത്ത ഇവരുടെ രണ്ട് നാടൻ വള്ളങ്ങളും വിട്ടുകൊടുത്തുവെന്നാണ് റിപ്പോർട്ട്. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് രാമേശ്വരത്ത് നിന്ന് രണ്ട് വള്ളങ്ങളിലായെത്തിയ മത്സ്യത്തൊഴിലാളികളെ കഴിഞ്ഞ ദിവസം പിടികൂടിയത്. രാമേശ്വരം ആക്കൽമാടം സ്വദേശികളായ രാജ്, ഫ്രാൻസിസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളിൽ ഉണ്ടായിരുന്നവരെയാണ് ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തത്. ഇതേ തുടർന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കാണുകയും വിവരം ബോധിപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ മന്ത്രി വിദേശകാര്യ സെക്രട്ടറിയുമായും ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമ്മീഷണറുമായും സംസാരിക്കുകയും തൊഴിലാളികളെ മോചിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
