പ്രണയാഭ്യര്‍ഥന വീട്ടുകാര്‍ എതിര്‍ത്തു, 14കാരിയായ കബഡി താരത്തെ തെരുവിലിട്ട് കുത്തിക്കൊലപ്പെടുത്തി

പ്രണയാഭ്യര്‍ഥന വീട്ടുകാര്‍ എതിര്‍ത്തു, 14കാരിയായ കബഡി താരത്തെ തെരുവിലിട്ട് കുത്തിക്കൊലപ്പെടുത്തി
 പുണൈ: പ്രണയാഭ്യര്‍ഥന വീട്ടുകാര്‍ എതിര്‍ത്ത വൈരാഗ്യത്തില്‍ 14കാരിയായ കബഡി താരത്തെ യുവാവും കൂട്ടാളികളും ചേര്‍ന്ന് തെരുവിലിട്ട് കുത്തിക്കൊലപ്പെടുത്തി. പുണൈയിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പെണ്‍കുട്ടി കബഡി പരിശീലനത്തിനായി പോകുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. പെൺകുട്ടി റോഡിന് സമീപം സുഹൃത്തുമായി സംസാരിച്ച് നില്‍ക്കവേയാണ് പ്രതികള്‍ എത്തിയത്. തുടര്‍ന്ന് 22-കാരനായ മുഖ്യപ്രതി ശുഭം ഭഗവതും പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയായ ശുഭം ഭഗവത്. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ കുറച്ചുകാലം താമസിച്ചിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് ശുഭം ഭഗവത് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ഇതറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇയളെ വീട്ടില്‍നിന്ന് പുറത്താക്കി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Share this story