Times Kerala

രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ചു;  ചികിത്സാ ചെലവും പിഴയും വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

 
രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ചു;  ചികിത്സാ ചെലവും പിഴയും വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ച കമ്പനിക്കെതിരെ ചികിത്സാ ചെലവും പിഴയും വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരിയിലെ ചേണ്ടിക്കുഴിയിൽ അബ്ദുൾ സലാം ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 2016 മുതൽ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാണ് പരാതിക്കാരൻ.
പോളിസി പ്രാബല്യത്തിലിരിക്കെ ഹൃദയ സംബന്ധമായ അസുഖത്തിന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി. അഞ്ചു ദിവസത്തെ ചികിത്സക്ക് 1,57,841 രൂപ ചെലവ് വന്നു. തുടർന്ന് ഇൻഷൂറൻസ് കമ്പനിയെ സമീപിച്ചപ്പോൾ ആനുകൂല്യം നിഷേധിക്കുകയായിരുന്നു. ചികിത്സയുടെ രേഖകൾ പൂർണ്ണമല്ലെന്ന് പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്.

ചികിത്സയുടെ എല്ലാ രേഖകളും സമർപ്പിച്ചിട്ടും മതിയായ കാരണമില്ലാതെ അനുകൂല്യം നിഷേധിക്കുകയായിരുന്നുവെന്ന് കണ്ടാണ് ഉപഭോക്തൃ കമ്മീഷന്റെ വിധി. ചികത്സാ ചിലവായ 1,52,841 രൂപയും സേവനത്തിൽ വീഴ്ച വരുത്തിയതിന് 25,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നൽകാനാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ വിധിച്ചത്. ഒരു മാസത്തിനകം വിധിസംഖ്യ നൽകാത്ത പക്ഷം വിധിസംഖ്യക്ക് ഒമ്പത് ശതമാനം പലിശ നൽകണമെന്നും വിധിയിൽ പറഞ്ഞു.

Related Topics

Share this story