Times Kerala

 വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം: ജില്ലയിൽ ചെലവഴിച്ചത് 726 കോടി

 
 വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം: ജില്ലയിൽ ചെലവഴിച്ചത് 726 കോടി
 

മലപ്പുറം :ജില്ലയിൽ മാത്രം വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 726 കോടി രൂപയാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ സർക്കാർ ചെലവഴിച്ചതെന്നും കിഫ്ബി സഹായം ലഭ്യമായത് കൊണ്ടാണ് നല്ലരീതിയിൽ ഈ സൗകര്യങ്ങൾ വിദ്യാലയങ്ങൾക്ക് നൽകാൻ കഴിഞ്ഞതെന്നും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതി പ്രകാരം കിഫ്ബി ധനസഹായത്തോടെ ഏഴൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിക്കുന്ന ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സുവർണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് തന്നെ ഏറ്റവും നല്ല വിദ്യാഭ്യാസ സമ്പ്രദായം നിലനിൽക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറാൻ കഴിഞ്ഞത് വിദ്യാഭ്യാസ മേഖലയിലെ പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങൾ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 3.9 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

തിരൂർ നഗരസഭ ചെയർപേഴ്‌സൺ എ.പി നസീമ സ്വാഗതം പറഞ്ഞ പരിപാടിയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ സുരേഷ് കോളശ്ശേരി പദ്ധതി വിശദീകരിച്ചു. ‘എന്റെ സ്‌കൂളിലേക്ക് ഒരു പുസ്തകം’ എന്ന സ്‌കൂൾ ലൈബ്രറി ശാക്തീകരണ പദ്ധതി സ്വാഗത സംഘം ചെയർമാൻ അനിൽ തൊട്ടിയാട്ടിൽ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ മത്സരപരീക്ഷാ പരിശീലന പദ്ധതിയായ ‘വിൻ സ്‌കാനിന്റെ’ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റസിയ ഷാഫി  നിർവഹിച്ചു.

Related Topics

Share this story