ഇന്ന് ജനവിധി : തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, 2 വാർഡുകളിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചു, 7 ജില്ലകൾ പോളിംഗ് ബൂത്തിൽ, തുടക്കം മുതൽ തന്നെ നീണ്ട നിര, വോട്ട് രേഖപ്പെടുത്തി പ്രമുഖർ, പലയിടത്തും വോട്ടിങ് മെഷീൻ തകരാറുകൾ | Local body elections

ഇരു ഘട്ടങ്ങളിലെയും വോട്ടെടുപ്പിൻ്റെ ഫലപ്രഖ്യാപനം ശനിയാഴ്ച നടക്കും.
ഇന്ന് ജനവിധി : തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, 2 വാർഡുകളിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചു, 7 ജില്ലകൾ പോളിംഗ് ബൂത്തിൽ, തുടക്കം മുതൽ തന്നെ നീണ്ട നിര, വോട്ട് രേഖപ്പെടുത്തി പ്രമുഖർ, പലയിടത്തും വോട്ടിങ് മെഷീൻ തകരാറുകൾ | Local body elections
Updated on

തിരുവനന്തപുരം: ആവേശം അലതല്ലിയ പ്രചാരണങ്ങൾക്കൊടുവിൽ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് തെക്കൻ, മധ്യകേരള ജില്ലകളാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്. അതേസമയം, രണ്ടു വാർഡുകളിൽ ഇന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. മൂവാറ്റുപുഴ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിലെ സ്ഥാനാർത്ഥി അന്തരിച്ചതിനെ തുടർന്നാണിത്. വാർഡിലും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. വി ഡി സതീശനും രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും കെ എസ് ശബരീനാഥനുമടക്കമുള്ളവർ രാവിലെ വോട്ട് ചെയ്യാനെത്തി.(Voting for the first phase of local body elections today)

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് മെഷീനുകൾ തകരാറിലായത് പോളിങ് വൈകാൻ കാരണമായി. പലയിടത്തും സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം മാത്രമാണ് വോട്ടെടുപ്പ് സാധാരണ നിലയിലായത്.

കൊല്ലം കോർപറേഷനിലെ ഭരണിക്കാവ് ഡിവിഷൻ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് വൈകിയാണ് പോളിങ് ആരംഭിക്കാനായത്. തിരുവല്ല നിരണം എരതോട് ബൂത്തിൽ യന്ത്രത്തകരാർ കാരണം വോട്ടിങ് തുടങ്ങാൻ കഴിഞ്ഞില്ല. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പത്തനംതിട്ട നഗരസഭയിലെ ടൗൺ സ്ക്വയർ വാർഡിലും വോട്ടിങ് മെഷീൻ തകരാർ റിപ്പോർട്ട് ചെയ്തിരുന്നു. വണ്ടിപ്പെരിയാർ തങ്കമലയിലെ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറിലായി. ഉടൻ തന്നെ പകരം യന്ത്രം എത്തിച്ച് വോട്ടെടുപ്പ് പുനഃരാരംഭിച്ചു. മൂവാറ്റുപുഴ നഗരസഭയിലെ ബൂത്തിലും വോട്ടിങ് മെഷീൻ തകരാർ കാരണം പോളിങ് തടസ്സപ്പെട്ടു. സാങ്കേതിക തകരാറുകൾ പരിഹരിച്ച് പരമാവധി വേഗത്തിൽ വോട്ടെടുപ്പ് പുനഃരാരംഭിക്കാനുള്ള ശ്രമങ്ങൾ അതത് പോളിങ് ഓഫീസർമാരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലായി ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 36,630 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് പോളിംഗ് സമയം.1.32 കോടിയിലധികം വോട്ടർമാരും 15,432 പോളിംഗ് സ്റ്റേഷനുകളും ഉണ്ട്. സ്ഥാനാർത്ഥിയുടെ നിര്യാണത്തെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, 480 പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോ ഗ്രാഫിയും ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് പ്രക്രിയക്കായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ വടക്കൻ മേഖലയിലെ ഏഴ് ജില്ലകളിലെപരസ്യപ്രചാരണം ഇന്നലെ വൈകീട്ട് കൊട്ടിക്കലാശത്തോടെ അവസാനിച്ചു. ഈ ജില്ലകളിലെ വോട്ടെടുപ്പ് ഡിസംബർ 11-നാണ് നടക്കുക. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ആദ്യഘട്ട വോട്ടെടുപ്പിൽ ശബരിമല സ്വർണ്ണക്കൊള്ള കേസും, ഇതിനിടെ ഉയർന്നുവന്ന രാഹുൽ മാങ്കൂട്ടത്തിൽ വിവാദവും പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ പോരാട്ടത്തിൽ സ്വർണ്ണക്കൊള്ള കേസ് വിധിയെഴുത്തിനെ സ്വാധീനിക്കുമെന്ന ആശങ്കയും പ്രതീക്ഷയും മുന്നണികളിൽ പ്രകടമാണ്. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തങ്ങൾക്ക് തിരിച്ചടിയാകില്ലെന്നാണ് യുഡിഎഫ്. വിലയിരുത്തൽ.

തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപ്പറേഷനുകളിലുൾപ്പെടെ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽ ഡി എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കൊച്ചിയിൽ, ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ പ്രശ്‌നങ്ങൾ പരിഹരിച്ചതുൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങളാണ് ചർച്ചയായത്.

കനത്ത ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ പോരാട്ടം ഇത്തവണ പ്രവചനാതീതമാണ്. സി പി എം, ബി.ജെ.പി, കോൺഗ്രസ് എന്നീ പാർട്ടികളുടെ പ്രമുഖ നേതാക്കൾ നേരിട്ട് രംഗത്തിറങ്ങിയതോടെ വലിയ വാശിയാണ് പ്രകടമാകുന്നത്. ശബരിമല വിഷയങ്ങൾ ശക്തമായി നിലനിൽക്കുന്ന പത്തനംതിട്ട ജില്ലയിലെ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. ഇരു ഘട്ടങ്ങളിലെയും വോട്ടെടുപ്പിൻ്റെ ഫലപ്രഖ്യാപനം ശനിയാഴ്ച നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com