സമസ്ത-ലീഗ് തർക്കം തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണ്ണായകം: ഭിന്നത UDFന് തലവേദന | UDF

ഈ വിഷയം ലീഗിനെതിരായ പ്രചാരണങ്ങളിൽ സി.പി.എമ്മിന് അനുകൂലമായി മാറിയേക്കാം.
Samastha-League dispute crucial in local body elections, Dissension a headache for UDF
Updated on

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്ലിംലീഗും തമ്മിലുള്ള തർക്കത്തിൽ മേൽത്തട്ടിൽ താത്കാലിക അനുരഞ്ജനം ഉണ്ടായെങ്കിലും താഴെത്തട്ടിലേക്ക് വ്യാപിച്ച ഭിന്നത തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയേക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഫലം ഈ വിഷയത്തെ എങ്ങനെ പ്രതിഫലിക്കുമെന്നാണ് മുസ്ലിംലീഗ് പ്രധാനമായും ഉറ്റുനോക്കുന്നത്.(Samastha-League dispute crucial in local body elections, Dissension a headache for UDF)

യു.ഡി.എഫിന്റെ ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി ബാന്ധവം ഉയർത്തി സി.പി.എം. വിമർശനം നടത്തുന്നതിന് സമാനമായി, സമസ്തയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലീഗിനെതിരെ ജമാഅത്തെ ഇസ്ലാമി വിഷയം സജീവമാണ്. ആശയപരമായി ജമാഅത്തെ ഇസ്ലാമിയെ നേരിടുന്നവരാണ് സമസ്ത. ഈ വിഷയം ലീഗിനെതിരായ പ്രചാരണങ്ങളിൽ സി.പി.എമ്മിന് അനുകൂല ഘടകമായി മാറിയേക്കാം.

മലപ്പുറം ജില്ലയിലെ 94 പഞ്ചായത്തുകളിൽ 68 ഇടത്താണ് യു.ഡി.എഫ്. ഭരണം. അതിൽ പലതും ഒന്നോ രണ്ടോ സീറ്റുകളുടെ ബലത്തിൽ മാത്രമാണ് നിലനിൽക്കുന്നത്. പ്രാദേശികമായി സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം എല്ലായിടത്തും ഒരുപോലെ ശക്തരല്ലെങ്കിലും, നേരിയ ഭൂരിപക്ഷത്തിൽ മുസ്ലിംലീഗ് വിജയിക്കുന്ന വാർഡുകളിൽ സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷത്തിന് ഫലം നിർണ്ണയിക്കാനാകും.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിലും മലപ്പുറത്തും ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ പരസ്യ നീക്കങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ ഇവർ പ്രവർത്തിക്കാനും, ലീഗ് വിരുദ്ധരെ കൂട്ടിയോജിപ്പിക്കാനും സാധ്യതയുണ്ട്.

താഴെത്തട്ടിലെ ഭിന്നത തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകാതിരിക്കാൻ വളരെ കരുതലോടെയാണ് ലീഗിന്റെ ഓരോ നീക്കവും. അനുരഞ്ജന സമിതിയുണ്ടാക്കി പ്രശ്‌നപരിഹാരത്തിന് വേഗമുണ്ടാക്കിയതിന് പിന്നിലും ഇതാണ് പ്രധാന കാരണം. എങ്കിലും, പലതവണ അനുരഞ്ജന ചർച്ചകൾ നടന്നെങ്കിലും ഇരുപക്ഷത്തിന്റെയും ഉപാധികൾ മാറ്റമില്ലാതെ തുടരുകയാണ്.

സമസ്ത മുശാവറയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ലീഗ് അനുകൂലിയായ മുശാവറ അംഗം മുസ്തഫൽ ഫൈസിയെ ഇതുവരെ തിരിച്ചെടുക്കാത്തതിൽ മുസ്ലിംലീഗിന് അതൃപ്തിയുണ്ട്. മുശാവറയിലെ ഒഴിവുകൾ നികത്തിയതിലും ലീഗിന് മുറുമുറുപ്പുണ്ട്. തിരഞ്ഞെടുപ്പ് മുന്നിലുള്ളതിനാലും സമസ്തയ്ക്ക് നൂറാം വാർഷികം വരാനിരിക്കുന്നതിനാലും മാത്രമാണ് നിലവിൽ പരസ്യപ്പോരില്ലാത്തത്.

ഈ ഭിന്നത കൃത്യമായി തിരിച്ചറിഞ്ഞ സി.പി.എമ്മും ഈ തിരഞ്ഞെടുപ്പിൽ പ്രതീക്ഷയിലാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുപിന്നാലെ, സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുടെ കേരള പര്യടനം തുടങ്ങാനിരിക്കുന്നതും രാഷ്ട്രീയമായി ശ്രദ്ധേയമാകും.

Related Stories

No stories found.
Times Kerala
timeskerala.com