തിരൂരങ്ങാടിയിൽ PMA സലാമിൻ്റെ ഡിവിഷനിൽ ലീഗിന് തലവേദനയായി വിമത നീക്കം: നഗരസഭാ ഉപാധ്യക്ഷ സ്ഥാനാർഥിയായി രംഗത്ത് | Rebel move

സുലൈഖ കാലൊടിയെ ഇടതുപക്ഷം പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ
തിരൂരങ്ങാടിയിൽ PMA സലാമിൻ്റെ ഡിവിഷനിൽ ലീഗിന് തലവേദനയായി വിമത നീക്കം: നഗരസഭാ ഉപാധ്യക്ഷ സ്ഥാനാർഥിയായി രംഗത്ത് | Rebel move
Published on

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി തിരൂരങ്ങാടി നഗരസഭയിൽ മുസ്‌ലിം ലീഗിൽ പൊട്ടിത്തെറി. നിലവിലെ നഗരസഭാ ഉപാധ്യക്ഷയും കൗൺസിലറുമായ സുലൈഖ കാലൊടി ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളി വിമത സ്ഥാനാർഥിയായി രംഗത്തെത്തി. പി.എം.എ. സലാമിന്റെ ഡിവിഷനായ 25-ാം ഡിവിഷനിലാണ് സുലൈഖ മത്സരിക്കുന്നത്.(Rebel move in Tirurangadi, creates a headache for the League)

നിലവിലെ 24-ാം ഡിവിഷൻ അംഗമായ കാലൊടി സുലൈഖ 25-ാം ഡിവിഷനായ തിരൂരങ്ങാടി കെ.സി. റോഡ് ഡിവിഷനിലാണ് പ്രചാരണം ആരംഭിച്ചത്. വനിതാ സംവരണമായ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് സുലൈഖയുടെ പേര് ഉയർന്നു വന്നിരുന്നു. എന്നാൽ, തർക്കം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം ചേർന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി സുലൈഖക്ക് സ്ഥാനാർഥിത്വം നൽകേണ്ടെന്ന് തീരുമാനിച്ചു. ഇതോടെയാണ് അവർ വിമത സ്ഥാനാർഥിയായി രംഗത്തിറങ്ങിയത്.

നിലവിലെ കൗൺസിലറായ സി.പി. ഹബീബയാണ് യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി. ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ഇവരുടെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. ഇതിനിടയിലാണ് വിമത സ്ഥാനാർഥി രംഗപ്രവേശം ചെയ്തത്. മുൻപും വിമത സ്ഥാനാർഥിയായി മത്സരിച്ച് പഞ്ചായത്ത് അംഗമായിട്ടുള്ള വ്യക്തിയാണ് സുലൈഖ കാലൊടി.

സുലൈഖ കാലൊടിയെ ഇടതുപക്ഷം പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്ഥാനമാനങ്ങൾക്കുവേണ്ടിയല്ല, ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് സുലൈഖ കാലൊടി പ്രതികരിച്ചു. വിമതനീക്കത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com