തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലും പോളിങ് ശതമാനം 55 ശതമാനത്തിന് മുകളിൽ എത്തി. ഉച്ചയോടെ തന്നെ പോളിങ് 50 ശതമാനത്തിലെത്തിയിരുന്നു. വൈകുന്നേരം 3:30 വരെയുള്ള കണക്കുകൾ പ്രകാരം, ഏഴ് ജില്ലകളിലുമായി ആകെ 59.70 ശതമാനം പോളിങ് രേഖപ്പെടുത്തി.(Polling is soaring, above 55 percent in Local body elections)
പോളിങ്ങിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് എറണാകുളമാണ് (62.86%). ആലപ്പുഴ (61.98%) തൊട്ടുപിന്നിലുണ്ട്. മറ്റ് ജില്ലകളിലെ പോളിങ് നില: കോട്ടയം 59.48%, കൊല്ലം 59.15%, ഇടുക്കി 58.24%, പത്തനംതിട്ട 56.95%, തിരുവനന്തപുരം 55.23%. എല്ലാ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉയർന്ന പോളിങ് ശതമാനം ഉണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെച്ചിട്ടുണ്ട്.
തിരുവനന്തപുരം യു.ഡി.എഫ്. മേയർ സ്ഥാനാർഥി ശബരിനാഥനും ഭാര്യ ദിവ്യ എസ്. അയ്യർ ഐ.എ.എസും വോട്ട് രേഖപ്പെടുത്തി. ശാസ്തമംഗലം ആർ.കെ.ഡി. എൻ.എസ്.എസ്. സ്കൂളിലെ ബൂത്തിലാണ് ഇരുവരും വോട്ട് ചെയ്തത്. യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശബരിനാഥൻ കവടിയാർ വാർഡിലാണ് മത്സരിക്കുന്നത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂർ വാർഡിൽ കള്ളവോട്ട് ആരോപണത്തെത്തുടർന്ന് സംഘർഷം. സി.പി.എം. വ്യാപകമായി കള്ളവോട്ട് ചെയ്തു എന്ന് ആരോപിച്ചാണ് ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. വഞ്ചിയൂർ ബൂത്ത് ഒന്നിൽ കള്ളവോട്ട് നടന്നെന്നാണ് ബി.ജെ.പി.യുടെ പ്രധാന ആരോപണം. ഇവിടെ റീപോളിങ് നടത്തണമെന്നാണ് ബി.ജെ.പി. ആവശ്യപ്പെടുന്നത്. നേരത്തെയും വഞ്ചിയൂരിൽ സി.പി.എമ്മിന് അനുകൂലമായി വോട്ടർ പട്ടികയിൽ നിന്നും ആളുകളെ കൂട്ടത്തോടെ വെട്ടിമാറ്റുകയും പുതിയ ആളുകളെ ചേർക്കുകയും ചെയ്തെന്ന് കോൺഗ്രസും ബി.ജെ.പി.യും ആരോപിച്ചിരുന്നു.
വഞ്ചിയൂരിൽ താമസിക്കാത്ത ആളുകളെ പുറത്തുനിന്ന് കൊണ്ടുവന്ന് വോട്ടർ പട്ടികയിൽ ചേർത്തത് കള്ളവോട്ടാണെന്നും ഇതിൽ പോളിങ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ട് എന്നും ബി.ജെ.പി. ആരോപിക്കുന്നു. നിലവിൽ ബി.ജെ.പി. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. എന്നാൽ, ബി.ജെ.പി. ഉന്നയിച്ച കള്ളവോട്ട് ആരോപണങ്ങൾ സി.പി.എം. പൂർണ്ണമായും തള്ളിയിട്ടുണ്ട്.