കണ്ണൂർ: ആന്തൂർ മുനിസിപ്പാലിറ്റിയിലെ നാമനിർദേശ പത്രിക വിവാദത്തിൽ സി.പി.എം.-കോൺഗ്രസ് വാക്പോര് മുറുകി. യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ, വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സി.പി.എം. രംഗത്തെത്തി. അതേസമയം, എതിരില്ലാത്ത സീറ്റുകളിലെ സി.പി.എമ്മിൻ്റെ വിജയം ഭീഷണിയും ഏകാധിപത്യവും വഴിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.(Nomination Paper controversy, CPM demands criminal action against those who signed forgeries )
വ്യാജരേഖ ചമച്ചാണ് പത്രിക നൽകിയതെന്നും ക്രിമിനൽ കേസെടുക്കണമെന്നുമാണ് സി.പി.എം. നേതാവ് കെ.കെ. രാഗേഷ് ആവശ്യപ്പെട്ടത്. മലപ്പട്ടം, ആന്തൂർ എന്നിവിടങ്ങളിൽ കോൺഗ്രസ് വ്യാജരേഖ ഉണ്ടാക്കിയതായി സി.പി.എം. കുറ്റപ്പെടുത്തി. കൂത്തുപറമ്പിൽ ബി.ജെ.പിയും വ്യാജരേഖയുണ്ടാക്കിയെന്ന് സി.പി.എം. ആരോപിച്ചു.
യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതോടെ ആന്തൂർ മുനിസിപ്പാലിറ്റിയിൽ മൂന്ന് സി.പി.എം. സ്ഥാനാർത്ഥികൾ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ 29 ഡിവിഷനുകളിൽ ആകെ അഞ്ച് ഇടങ്ങളിൽ സി.പി.എം. വോട്ടെടുപ്പിന് മുൻപേ ജയമുറപ്പിച്ചു. ധർമ്മശാല ടൗണിൽ എൽ.ഡി.എഫ്. ആഹ്ലാദപ്രകടനം നടത്തി.
തളി, കോടല്ലൂർ ഡിവിഷനുകളിലെ യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ പത്രികയാണ് തള്ളിയത്. പത്രികയിൽ ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിർദേശകർ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക അസാധുവായത്. തളിവയലിൽ, കോൾമൊട്ട ഡിവിഷനുകളിലെ തർക്കമുന്നയിച്ച പത്രികകൾ അംഗീകരിച്ചു. ഇരുപത്തിയാറാം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി പത്രിക പിൻവലിച്ചു. ഇവരെ സി.പി.എമ്മുകാർ തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
ഭീഷണിയിലൂടെയും ഭയപ്പെടുത്തിയും സി.പി.എം. ജനാധിപത്യത്തെ കശാപ്പുചെയ്തെന്നാണ് കോൺഗ്രസിൻ്റെ പ്രധാന ആരോപണം. "സ്ഥാനാർഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി, സി.പി.എം. ഏകാധിപത്യം നടപ്പാക്കുകയാണ്," ഡി.സി.സി. പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് കുറ്റപ്പെടുത്തി. എതിരില്ലാത്ത സീറ്റുകളിൽ, സ്ഥാനാർത്ഥികളെ സി.പി.എം. ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. കളക്ടർ സി.പി.എമ്മിനെ സഹായിക്കുകയാണെന്നും കോൺഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.