പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലക്കാട് ജില്ലയിൽ പ്രമുഖ മുന്നണികൾക്കെല്ലാം കടുത്ത വെല്ലുവിളിയായി വിഭാഗീയ പ്രശ്നങ്ങളും കൂറുമാറ്റവും സജീവമാകുന്നു. മുന്നണികൾക്കിടയിലെ ഈ ആഭ്യന്തര തർക്കങ്ങൾ കണക്കുകൂട്ടലുകൾക്കപ്പുറം പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് നേതാക്കൾ.(Local Body Elections, Sectarianism and defection are a headache in Palakkad)
ജില്ലയിൽ ബിജെപി ഭരണത്തിലുള്ള ഏക തദ്ദേശ സ്ഥാപനമായ പാലക്കാട് നഗരസഭയിൽ കടുത്ത വിഭാഗീയതയാണ് പാർട്ടിക്ക് തിരിച്ചടിയാകുന്നത്. നിലവിലെ ചെയർപേഴ്സണെ മാറ്റണമെന്ന് ഒരു വിഭാഗം നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടത് പ്രശ്നം വഷളാക്കി.
മുൻ ചെയർപേഴ്സൺ പ്രിയ അജയൻ നേതൃത്വത്തിനെതിരെ ഫേസ്ബുക്കിൽ വിമർശനം ഉന്നയിക്കുകയും രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തത് വിഭാഗീയതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. എന്നാൽ, ഈ പ്രശ്നങ്ങളെല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്നാണ് ബിജെപി ജില്ലാ നേതൃത്വം പ്രതികരിക്കുന്നത്. നഗരസഭ നിലനിർത്തുന്നതിനൊപ്പം അഞ്ചു പഞ്ചായത്തുകളിലും എല്ലാ പഞ്ചായത്തുകളിലും ഒരംഗത്തെയും നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
നിലവിലെ സാഹചര്യത്തിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും സമഗ്രാധിപത്യം ഇടതിനാണ്. എന്നാൽ, ഇത്തവണ എണ്ണം കൂട്ടാനാവുമെന്ന യുഡിഎഫിന്റെ പ്രതീക്ഷകൾക്ക് കരുത്ത് പകരുന്നത് എൽഡിഎഫിലെ ആഭ്യന്തര പ്രശ്നങ്ങളാണ്. കൊഴിഞ്ഞാംപാറയിലെ സിപിഎം വിമതർ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ തീരുമാനിച്ചത് എൽഡിഎഫിന് ക്ഷീണമായി.
പട്ടാമ്പി നഗരസഭയിൽ വിഫോർ പട്ടാമ്പി മുന്നണി വിട്ടതും എൽഡിഎഫിന് പ്രതിസന്ധിയുണ്ടാക്കി. നെല്ലായ, വല്ലപ്പുഴ, കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളിലെ സിപിഎമ്മിലെ കടുത്ത വിഭാഗീയതയാണ് കൂറുമാറ്റത്തിന് പ്രധാന കാരണം.
മണ്ണാർക്കാട്ടെ പി.കെ. ശശിയുടെ നീക്കങ്ങളും, യുഡിഎഫുമായി ചർച്ച നടത്തുന്ന 'സേവ് സിപിഐ' മുന്നണിയും എൽഡിഎഫിന് തലവേദന സൃഷ്ടിക്കുന്നു. ഇതൊന്നും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവില്ലെന്നാണ് ഇടതു നേതൃത്വത്തിന്റെ വിലയിരുത്തൽ.
സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴും യുഡിഎഫിൽ വിമത നീക്കവും തർക്കങ്ങളും സജീവമാണ്. വെൽഫെയർ പാർട്ടിയുമായുള്ള സീറ്റ് ധാരണയെ ചൊല്ലിയാണ് യുഡിഎഫിനുള്ളിലെ പ്രധാന തർക്കം. പാലക്കാട് നഗരസഭയിൽ ഔദ്യോഗിക സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ലീഗ് നേതൃത്വം ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണം ഉയർന്നിട്ടുണ്ട്.
മുസ്ലിംലീഗിലെ മുൻ നഗരസഭ വൈസ് ചെയർമാൻ അബ്ദുൽ അസീസ് അടക്കമുള്ള ഒരു വിഭാഗമാണ് വിമത നീക്കത്തിനൊരുങ്ങുന്നത്. എന്നാൽ, നേതാക്കൾ ഈ പ്രശ്നങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുകയാണ്.