തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥാനം നിലനിർത്താൻ ലക്ഷ്യമിടുന്ന എൽ.ഡി.എഫിന് കനത്ത തിരിച്ചടി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് രണ്ട് സി.പി.എം. പ്രാദേശിക നേതാക്കൾ വിമത സ്ഥാനാർഥിത്വവുമായി രംഗത്തെത്തി. ചെമ്പഴന്തി, വാഴോട്ടുകോണം വാർഡുകളിലാണ് പ്രധാനമായും വിമതനീക്കം ശക്തമായിരിക്കുന്നത്. ഉള്ളൂർ വാർഡിലും പാർട്ടി അംഗം സ്വതന്ത്രനായി മത്സരിച്ചേക്കും.(LDF suffers setback in Thiruvananthapuram Corporation, CPM local leaders will contest as rebels)
സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവും മുൻ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ആനി അശോകൻ ചെമ്പഴന്തി വാർഡിലാണ് മത്സരിക്കുന്നത്. മുൻ ബ്രാഞ്ച് സെക്രട്ടറിയായ കെ.വി. മോഹനൻ വാഴോട്ടുകോണം വാർഡിലാണ് വിമതനായി മത്സരിക്കാൻ ഒരുങ്ങുന്നത്.
ചെമ്പഴന്തി വാർഡിൽ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ലോക്കൽ കമ്മിറ്റി അംഗം ആനി അശോകൻ പരസ്യമായി ആരോപിച്ചു. " സീറ്റ് നിഷേധിച്ചതിന് പിന്നിൽ കടകംപള്ളി സുരേന്ദ്രനും ബി.ജെ.പി.യും തമ്മിലുണ്ടാക്കിയ ഡീലാണ്," ആനി അശോകൻ കുറ്റപ്പെടുത്തി. ആനി അശോകൻ 2004 മുതൽ 2010 വരെ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഈ വിമതനീക്കം കോർപ്പറേഷനിൽ ഭരണം നിലനിർത്താൻ ശ്രമിക്കുന്ന എൽ.ഡി.എഫിന് ചെമ്പഴന്തിയിൽ വലിയ വെല്ലുവിളിയാകും.