കേരളം വിധിയെഴുതാൻ ഒരുങ്ങുന്നു: തെക്കൻ ജില്ലകളിൽ ഇന്ന് കൊട്ടിക്കലാശം, നാളെ നിശബ്‌ദ പ്രചാരണം | Local body elections

2.84 കോടി വോട്ടർമാർ 33,746 പോളിങ് സ്റ്റേഷനുകളിലായി വോട്ട് ചെയ്യും
Kerala is preparing for Local body elections, first in the southern districts
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുമുള്ള പൊതു തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. തെക്കൻ ജില്ലകളാണ് ആദ്യ ഘട്ടത്തിൽ പോളിങ് ബൂത്തിലെത്തുന്നത്. ഇതിന്റെ ഭാഗമായി തെക്കൻ ജില്ലകളിൽ ഇന്ന് കൊട്ടിക്കലാശമാണ്. നാളെ നിശബ്ദ പ്രചാരണം പൂർത്തിയാക്കി ഡിസംബർ 9-ന് ജനങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തും.(Kerala is preparing for Local body elections, first in the southern districts)

വടക്കൻ ജില്ലകളിലെ തിരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം കൂടി ബാക്കിയുണ്ട്. ഡിസംബർ 11-നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. മുന്നണികളെല്ലാം ആവേശപൂർവ്വം തിരഞ്ഞെടുപ്പിനെ വരവേൽക്കുകയാണ്. ഡിസംബർ 13-ന് വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ അടുത്ത അഞ്ച് വർഷത്തേക്കുള്ള തദ്ദേശ സ്ഥാപന ഭരണസമിതികളെ അറിയാം.

ഈ തിരഞ്ഞെടുപ്പിൽ ആകെ 2,84,30,761 വോട്ടർമാരാണ് കേരളത്തിന്റെ അടുത്ത അഞ്ച് വർഷത്തെ ഭരണസമിതികളെ തിരഞ്ഞെടുക്കുക. ഇതിൽ 1,50,18,010 സ്ത്രീകളും 1,34,12,470 പുരുഷന്മാരും 281 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. പ്രവാസി വോട്ടർമാരുടെ എണ്ണം 2,841 ആണ്. ഇതിൽ 2,484 പുരുഷന്മാരും 357 സ്ത്രീകളുമാണ് ഉൾപ്പെടുന്നത്.

സംസ്ഥാനത്ത് 33,746 പോളിങ് സ്റ്റേഷനുകളാണ് തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്ത് വാർഡുകളിലേക്ക് വോട്ട് രേഖപ്പെടുത്താനായി ഗ്രാമപഞ്ചായത്തുകളിൽ 28,127 പോളിങ് സ്റ്റേഷനുകളും മുനിസിപ്പാലിറ്റികളിൽ 3,604 സ്റ്റേഷനുകളും കോർപ്പറേഷനുകളിൽ 2,015 സ്റ്റേഷനുകളുമാണുള്ളത്.

ഈ തിരഞ്ഞെടുപ്പിൽ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 മുനിസിപ്പാലിറ്റികളിലെ 3,205 വാർഡുകൾ, 6 കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിവയിലേക്കാണ് ജനങ്ങൾ വിധിയെഴുതുന്നത്.

വോട്ടിങ് മെഷീനുകളുടെ 50,693 കൺട്രോൾ യൂണിറ്റുകളും 1,37,922 ബാലറ്റ് യൂണിറ്റുകളുമാണ് തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുള്ളത്. ഒരു വോട്ടർ പഞ്ചായത്ത് തലത്തിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടുകളും നഗരസഭാ തലത്തിൽ ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്.

Related Stories

No stories found.
Times Kerala
timeskerala.com