തിരുവനന്തപുരം: പാർട്ടിയിലെ അനൈക്യം സംബന്ധിച്ച തന്റെ അതൃപ്തി കോൺഗ്രസ് ഹൈക്കമാൻഡിനെ നേരിട്ട് അറിയിച്ചതായി മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അനൈക്യം സൃഷ്ടിക്കുന്നത് നേതാക്കന്മാരാണെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയിച്ചു വരാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(K Sudhakaran says he has informed the Congress high command about his dissatisfaction)
"അതൃപ്തി നേരെ മുഖം നോക്കി പറഞ്ഞു. നേതാക്കന്മാരാണ് ഈ പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നവർ. അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചു വരാം. ഇല്ലേൽ വള്ളത്തിലാകും," സുധാകരൻ പറഞ്ഞു. അനുകൂലമായ നടപടി ഹൈക്കമാൻഡിൽ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്ന് സുധാകരൻ വ്യക്തമാക്കി. "ഒരു പാർട്ടിയാകുമ്പോൾ ഒരു വിഷയത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകും. അത് തർക്കമല്ല. ആശയവിനിമയങ്ങൾ നടക്കുന്നു. എല്ലാവരും പരസ്പരം ബന്ധപ്പെടുന്നുണ്ട്," എന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ നവംബർ ഒന്നു മുതൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ കെപിസിസി തീരുമാനിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ എഐസിസി നേതൃത്വം വിലയിരുത്തി. പ്രചാരണ പദ്ധതികളെക്കുറിച്ച് കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും വിശദീകരിച്ചു.
തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. മുന്നൊരുക്കങ്ങളിൽ എഐസിസി നേതൃത്വം സംതൃപ്തി അറിയിക്കുകയും ചില മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.