

വയനാട്: വൈത്തിരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കോൺഗ്രസ് വനിതാ സ്ഥാനാർഥിയെ എൽ.ഡി.എഫ്. പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നൽകി. കർശന നടപടി ആവശ്യപ്പെട്ടാണ് യു.ഡി.എഫ്. നേതൃത്വം മുന്നോട്ടുപോവുന്നത്.(Incident of blocking Congress candidate in Wayanad, Complaint filed against LDF workers)
രാത്രിയോടെയാണ് വൈത്തിരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് സ്ഥാനാർഥി ഷൈലജ മുരുകേശനെ എൽ.ഡി.എഫ്. പ്രവർത്തകർ തടഞ്ഞത്. തൈലക്കുന്ന് തോട്ടഭൂമിയിൽ താമസിക്കുന്ന നാല്പതോളം കുടുംബങ്ങളെ കണ്ട് വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് സംഭവം. സി.പി.ഐ. പ്രാദേശിക നേതാവായ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാനാർഥിയെ തടഞ്ഞത് എന്നാണ് ആരോപണം.
"ഇത് വിപ്ലവഭൂമിയാണെന്നും വീട് കയറി നിരങ്ങാൻ യു.ഡി.എഫ്. നേതാക്കളെ വിടില്ലെന്നും" സംഘം ഭീഷണിപ്പെടുത്തിയെന്നാണ് കോൺഗ്രസിന്റെ പരാതി. ഭീഷണിയെ തുടർന്ന് ഷൈലജ മുരുകേശനും പ്രവർത്തകരും വോട്ട് ചോദിക്കാനാകാതെ മടങ്ങിയിരുന്നു. ജനാധിപത്യപരമായ അവകാശത്തെയാണ് എൽ.ഡി.എഫ്. നേതാക്കൾ ഇല്ലാതാക്കിയതെന്നും തോൽവി ഭയന്നാണ് ഭീഷണിയെന്നുമാണ് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തിയത്.
സംഭവത്തെ തുടർന്ന് പോലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ, ആരെയും തടയുക എന്നത് പാർട്ടി നിലപാടല്ലെന്ന് എൽ.ഡി.എഫ്. നേതാക്കൾ അറിയിച്ചു. അതേസമയം, സ്ഥാനാർഥിയെ തടഞ്ഞ തൈലക്കുന്നിലെ പാർട്ടി അനുഭാവികളായ കുടുംബങ്ങളുടെ യോഗം സി.പി.എം. വിളിച്ചു ചേർത്തിട്ടുണ്ട്.