പാലക്കാട് BJPയിൽ പൊട്ടിത്തെറി: C കൃഷ്ണകുമാർ പക്ഷത്തിനെതിരെ സംസ്ഥാന നേതൃത്വം, N ശിവരാജൻ RSS നേതൃത്വത്തെ സമീപിച്ചു | BJP

പുറത്തുവന്ന പ്രാഥമിക പട്ടികയിൽ സി. കൃഷ്ണകുമാർ പക്ഷത്തിന് വ്യക്തമായ മേൽക്കൈയുണ്ട്.
Explosion in Palakkad BJP, State leadership against C Krishnakumar's faction
Published on

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് നഗരസഭയിലെ സ്ഥാനാർത്ഥി നിർണ്ണയം ബി.ജെ.പിയിൽ കടുത്ത വിഭാഗീയതയിലേക്ക്. സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ പക്ഷത്തെ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി.(Explosion in Palakkad BJP, State leadership against C Krishnakumar's faction)

പുറത്തുവന്ന പ്രാഥമിക പട്ടികയിൽ സി. കൃഷ്ണകുമാർ പക്ഷത്തിന് വ്യക്തമായ മേൽക്കൈയുണ്ട്. ആകെ 53 സീറ്റുകളിൽ ഭൂരിഭാഗവും ഈ വിഭാഗക്കാരാണ്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാർ എന്നിവർ പട്ടികയിൽ ഇടംപിടിച്ചു.

നിലവിലെ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാനും ബി.ജെ.പി. സംസ്ഥാന ട്രഷററുമായ ഇ. കൃഷ്ണദാസ്, ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ എന്നിവർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടു.

പട്ടിക അംഗീകരിക്കാൻ കഴിയില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തർക്കത്തിൽ നിർണ്ണായകമാകും. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവായ എൻ. ശിവരാജൻ ആർ.എസ്.എസ്. നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. ശിവരാജന് സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട പ്രമീള ശശിധരന് സീറ്റ് നൽകരുതെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും കൃഷ്ണകുമാർ പക്ഷം ആവശ്യപ്പെട്ടിരുന്നു. നഗരസഭാ നേതൃത്വത്തിനെതിരെ ഫേസ്ബുക്കിൽ കുറിപ്പെഴുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച മുൻ നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയനെതിരെ സൈബർ അധിക്ഷേപം തുടരുകയാണ്. 'പ്രിയ അജയൻ അവസരവാദി', 'സന്ദീപ് വാര്യറെപ്പോലെ മെച്ചപ്പെട്ട ഓഫർ വന്നുകാണും' എന്ന തരത്തിലുള്ള അധിക്ഷേപങ്ങളാണ് സൈബറിടങ്ങളിൽ പ്രചരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com