തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കാൻ പ്രമുഖ നേതാക്കളെ കളത്തിലിറക്കാൻ മുന്നണികളുടെ നീക്കം. കോൺഗ്രസ് മുൻ എം.എൽ.എയും പ്രമുഖ നേതാവുമായ കെ.എസ്. ശബരീനാഥനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു.(Congress to field KS Sabarinathan for fight in Thiruvananthapuram Corporation)
കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ മത്സരിക്കണമെന്ന എ.ഐ.സി.സിയുടെ നിർദ്ദേശത്തെ തുടർന്നാണ് ശബരീനാഥനെ മത്സരിപ്പിക്കാൻ കോൺഗ്രസ് ധാരണയായത്. ശബരീനാഥൻ കവടിയാർ വാർഡിലായിരിക്കും സ്ഥാനാർത്ഥിയാകുക.
അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാർ തിരഞ്ഞെടുത്തത്. ഇന്നലെ ഡി.സി.സി. ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ശബരീനാഥനെ മത്സരിപ്പിക്കാൻ തീരുമാനമായത്.
പ്രമുഖ നേതാക്കളെ ഇറക്കി കോർപ്പറേഷൻ ഭരണം ലക്ഷ്യമിടുന്നതിൽ മറ്റ് മുന്നണികളും ഒട്ടും പിന്നിലല്ല. എസ്.പി. ദീപക്, എസ്.എ. സുന്ദർ, വഞ്ചിയൂർ ബാബു തുടങ്ങിയ നേതാക്കളെ കളത്തിലിറക്കാൻ സി.പി.എം. ആലോചിക്കുന്നുണ്ട്.
വി.വി. രാജേഷ്, കരമന അജിത് എന്നിവരടക്കമുള്ള മുതിർന്ന നേതാക്കളെ മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. തിരുവനന്തപുരം കോർപ്പറേഷനിൽ ശക്തമായ ത്രികോണ മത്സരം ഉറപ്പിക്കാൻ സാധ്യതയുള്ള ഈ നീക്കം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുകയാണ്.