ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന ആലപ്പുഴ ജില്ലയിൽ, ബിജെപി ഇന്ന് സ്ഥാനാർഥി പ്രഖ്യാപനം നടത്തും. ബിജെപി നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികൾ വെവ്വേറെ യോഗങ്ങൾ ചേർന്നാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്.(BJP candidate announcement in Alappuzha today, PC George will make the announcement in Chengannur)
ബിജെപി സൗത്ത് ജില്ലയിലെ സ്ഥാനാർഥി പ്രഖ്യാപനം നാല് നിയോജക മണ്ഡലങ്ങളിലായി നടക്കും. ചെങ്ങന്നൂരിൽ രാവിലെ 10 മണിക്ക് പി.സി. ജോർജ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. മാവേലിക്കരയിൽ അഡ്വ. എസ്. സുരേഷ് പ്രഖ്യാപനം നടത്തും. അനൂപ് ആന്റണിയാണ് കായംകുളത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. വൈകീട്ട് 4 മണിക്ക് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഹരിപ്പാട്ടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തും.
ആലപ്പുഴ ബിജെപി നോർത്ത് ജില്ലയിലെ സ്ഥാനാർഥികളെ വൈകീട്ട് 3 മണിക്കാണ് പ്രഖ്യാപിക്കുക. മുനിസിപ്പാലിറ്റി, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തലങ്ങളിലെ എല്ലാ സീറ്റുകളിലേക്കും പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേതാക്കൾ അറിയിച്ചത്. എന്നാൽ, തർക്കം നിലനിൽക്കുന്ന ചില നിർണായക സീറ്റുകളിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച അന്തിമ പ്രഖ്യാപനം പിന്നീടായിരിക്കും ഉണ്ടാകുക എന്നും സൂചനയുണ്ട്.
ജില്ലയിലെ പ്രധാന എതിരാളികളായ യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ സ്ഥാനാർഥി നിർണയ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ഇരു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.