

പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് നഗരസഭാ സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിൽ കടുത്ത ഭിന്നത. സ്ഥാനാർഥി പട്ടികയിൽ ഭൂരിഭാഗവും സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ പക്ഷക്കാരാണെന്നാണ് എതിർവിഭാഗം ആരോപിക്കുന്നത്.(Allegation that most of the candidates in the Palakkad municipality list are from Krishnakumar's side, Dissension in BJP)
പുതിയ സ്ഥാനാർഥി പട്ടികയിൽ മുൻനിര നേതാക്കൾ പലരും ഒഴിവാക്കപ്പെട്ടതാണ് തർക്കത്തിന് പ്രധാന കാരണം. നിലവിലെ ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് എന്നിവർ സ്ഥാനാർഥി പട്ടികയിൽ നിന്ന് പുറത്തായി. മുതിർന്ന നേതാവ് ശിവരാജനെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ അടക്കമുള്ളവരും, മിനി കൃഷ്ണകുമാറും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉൾപ്പെടെയുള്ളവരുമായി ആലോചന നടത്തിയില്ല എന്നാണ് മറുവിഭാഗം ഉന്നയിക്കുന്ന പ്രധാന വിമർശനം. നിലവിൽ പല സീറ്റുകളിലും കടുത്ത തർക്കങ്ങൾ ഉടലെടുത്തിരിക്കുകയാണ്.
ഭിന്നത രൂക്ഷമായതോടെ, ഒരു വിഭാഗം നേതാക്കൾ സംസ്ഥാന നേതൃത്വത്തെ വിളിച്ച് പരാതി അറിയിച്ചതായാണ് റിപ്പോർട്ട്. പാലക്കാട് ജില്ലയുടെ ചുമതലയുള്ള കെ.കെ. അനീഷ് കുമാർ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ പ്രശ്നത്തിൽ ഇടപെട്ടു കഴിഞ്ഞു. ഗ്രൂപ്പ് പോര് തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.