ആഹ്ലാദത്തിന്റെ നടത്തവുമായി ഡേവിഡ് അഥോവ്; ഹരിത കേരളത്തിന്റെ സന്ദേശം പകര്‍ന്ന് കൊല്ലം

പത്ത് മാസം കൊണ്ട് ഡേവിഡ് അഥോവിന് നടന്നു തീര്‍ക്കാനുള്ളത് ചെറിയ ദൂരങ്ങളല്ല. കന്യാകുമാരി മുതല്‍ അമൃതസര്‍ വരെ ഭാരതത്തിന്റെ ഹൃദയഭൂമികളിലൂടെ നീണ്ട ആറായിരം കിലോമീറ്റര്‍. ‘വാക്ക് ഓഫ് ജോയ്’ എന്ന് പേരിട്ട ആഹ്ലാദത്തിന്റെ ഈ നടത്തത്തിന് പിന്നില്‍ ബ്രിട്ടീഷുകാരനായ ഡേവിഡ് അഥോവിന് ഒരു ലക്ഷ്യമുണ്ട്. സുസ്ഥിര കൃഷിയുടെയും കാര്‍ഷികവൃത്തിയുടെയും മഹത്വം ജനങ്ങളിലെത്തിക്കുക. കന്യാകുമാരി സുനാമി നാഷണല്‍ പാര്‍ക്കിന് മുന്നില്‍ നിന്നും വെയിലും മഴയും കൂസാതെ നടത്തം തുടങ്ങിയ ഡേവിഡിന് കൊല്ലം നല്‍കിയത് ഹൃദ്യമായ നിമിഷങ്ങള്‍. ഒപ്പം ഹരിത കേരളത്തിന്റെ മഹത്തായ സന്ദേശവും. തിരുവനന്തപുരം മാനവീയം വീഥിയില്‍ തെരുവോരക്കൂട്ടത്തിലെ കലാകാര•ാര്‍ നല്‍കിയ സ്വീകരണത്തിന്റെ ആവേശത്തില്‍ കൊല്ലത്തെത്തിയ ഡേവിഡിന് ആതിഥ്യമരുളിയത് അഷ്ടമുടി വില്ലാസിന്റെ പ്രഭാത് ജോസഫ്. പ്രഭാതില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കൃഷിയും ജലസംരക്ഷണവും ലക്ഷ്യമാക്കിയ ഹരിതകേരളം പദ്ധതിയെക്കുറിച്ച് ഡേവിഡ് അറിഞ്ഞത്. തുടര്‍ന്ന് ഹരിത കേരളത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ജില്ലാ കലക്ടര്‍ ഡോ മിത്ര റ്റിയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി. ഡേവിഡ് അഥോവിനെ കണ്ട കലക്ടര്‍ യാത്രയില്‍ ഹരിത കേരളത്തിന്റെ സന്ദേശം കൂടി പ്രചരിപ്പിക്കുവാന്‍ അഭ്യര്‍ത്ഥിച്ചു.

കലക്‌ട്രേറ്റിലെത്തിയ ഡേവിഡിനും സംഘത്തിനും ലഭിച്ചത് സ്‌നേഹ നിര്‍ഭരമായ വരവേല്‍പ്പ്. പ്രചാരണത്തിനായി ഹരിത കേരളം സാധ്യമാണ് എന്ന പോസ്റ്റര്‍ ജില്ലാ കലക്ടര്‍ ഡോ മിത്ര റ്റി ഡേവിഡിന് കൈമാറി. എ ഡി എം ഐ.അബ്ദുല്‍ സലാം ഡേവിഡിനെ പുഷ്പഹാരമണിയിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേട്ടങ്ങളടങ്ങിയ ‘കേരള എഹെഡ്’ എന്ന ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പുസ്തകം സബ് കലക്ടര്‍ ഡോ എസ് ചിത്ര അദ്ദേഹത്തിന് സമ്മാനമായി നല്‍കി. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്ന് മറുപടി പ്രസംഗത്തില്‍ ഡേവിഡ് അഥോവ് പറഞ്ഞു. കൃഷി, ജല സംരക്ഷണം, മാലിന്യ സംസ്‌കരണം എന്നിവ മുന്‍നിര്‍ത്തിയുള്ള ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച മാതൃകയാണ്. തന്റെ യാത്രയില്‍ ഹരിത കേരളത്തിന്റെ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

ജസ്ബിര്‍ സിംഗ് ബായ്ക, ബഹാദൂര്‍ സിംഗ് എന്നിവരും ഡേവിഡിനൊപ്പം നടക്കാനുണ്ട്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ശ്രമംകൂടി മുഖ്യലക്ഷ്യമായ കാമ്പയിനില്‍ ദ ബെറ്റര്‍ ഇന്ത്യ, നോമാഡിക് ലയണ്‍, യുണൈറ്റഡ് സിഖ്‌സ് തുടങ്ങിയ സംഘടനകളും സഹകരിക്കുന്നുണ്ട്. കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എ ഡി സി (ജനറല്‍) വി സുദേശന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍ മണിലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്, ശുചിത്വ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ എ ഷാനവാസ്, സിവില്‍ സ്റ്റേഷന്‍ ജീവനക്കാരെ പ്രതിനിധീകരിച്ച് എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി ബി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story