Times Kerala

 നോട്ടറി നിയമന അപേക്ഷകൾ ഇനി ഓൺലൈനായി സമർപ്പിക്കാം

 
 നോട്ടറി നിയമന അപേക്ഷകൾ ഇനി ഓൺലൈനായി സമർപ്പിക്കാം
 

തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ടറി നിയമനത്തിനുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ നൽകാം. ഇതിനായുള്ള പോർട്ടൽ നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

നിയമ രംഗത്ത് ഓൺലൈൻ സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് നോട്ടറി അപേക്ഷകൾ ഓൺലൈനിൽ സ്വീകരിക്കുന്നതിനു തുടക്കമായിരിക്കുന്നത്. വൈകാതെ നോട്ടറി പുതുക്കലും ഓൺലൈനിലേക്കു മാറുമെന്നു മന്ത്രി പറഞ്ഞു.

നോട്ടറി സേവനത്തിൽ 52 വർഷം പിന്നിടുന്ന മുതിർന്ന അഭിഭാഷകൻ അഡ്വ. ജി.എം. ഇടിക്കുളയെ മന്ത്രി ആദരിച്ചു. മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, നിയമ സെക്രട്ടറി വി. ഹരി നായർ, ബാർ കൗൺസിൽ ഓഫ് കേരള എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. പള്ളിച്ചൽ എസ്.കെ. പ്രമോദ്, അഡിഷണൽ നിയമ സെക്രട്ടറി എൻ. ജീവൻ തുടങ്ങിയവർ പങ്കെടുത്തു.

നോട്ടറി നിയമത്തിനുള്ള അപേക്ഷകൾ കടലാസിൽ സ്വീകരിച്ചു ഫയലുകളാക്കി നടപടി സ്വീകരിച്ചുവരുന്നതായിരുന്നു ഇതുവരെയുള്ള രീതി. കേന്ദ്ര ചട്ടങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് അപേക്ഷ സ്വീകരിക്കലും തുടർ നടപടികളും പൂർണമായി ഓൺലൈനിലേക്കു മാറുന്നത്. എൻ.ഐ.സിയുടെ സഹായത്തോടെയാണ് ഇതിനായുള്ള പോർട്ടൽ വികസിപ്പിച്ചെടുത്തത്. നിയവ വകുപ്പിന്റെ www.lawsect.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ പോർട്ടലിന്റെ ലിങ്ക് ലഭിക്കും.

Related Topics

Share this story