കണ്ണൂർ: തലശ്ശേരിയിൽ പണിതീരാത്ത ഒരു കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതാണ് തലയോട്ടിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Woman's skull found in unfinished building, Husband in custody)
കാണാതായ വയോധികയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തലശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടത്തിന്റെ ഭാഗം കണ്ടെത്തിയത്. കണ്ടെത്തിയ തലയോട്ടിക്ക് ഏകദേശം ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന.
വയോധികയെ കാണാതായ സംഭവവുമായി തലയോട്ടിയുടെ കണ്ടെത്തലിന് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. വയോധികയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതക സാധ്യതയടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കണ്ടെത്തിയ അസ്ഥികൂടത്തിന്റെ ശാസ്ത്രീയ പരിശോധനകൾ ഉടൻ നടത്തും.