Times Kerala

അക്ഷയകേന്ദ്രത്തിൽ കയറി യുവതിയെ തീകൊളുത്തി കൊന്നു, ഭർത്താവ് കഴുത്തറുത്ത് കിണറ്റിൽചാടി ജീവനൊടുക്കി

 
അക്ഷയകേന്ദ്രത്തിൽ കയറി യുവതിയെ തീകൊളുത്തി കൊന്നു, ഭർത്താവ് കഴുത്തറുത്ത് കിണറ്റിൽചാടി ജീവനൊടുക്കി

കൊല്ലം: അക്ഷയ കേന്ദ്രത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരിയായ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം മദ്ധ്യവയസ്കൻ കഴുത്തറുത്ത് സമീപത്തെ വീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കി. പാരിപ്പള്ളി അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരി നാവായിക്കുളം പുന്നവിള എസ്.കെ.വി എച്ച്.എസിന് സമീപം അൽബയ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നബീറ (38), ഭർത്താവ് റഹീം (50) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം നടന്നത്.

സംശയരോഗമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. മൂന്നാഴ്ചമുമ്പ് ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്ന് നബീറ നൽകിയ പരാതിയിൽ പള്ളിക്കൽ പൊലീസ് റഹീമിനെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. നാലുദിവസം മുമ്പാണ് പുറത്തിറങ്ങിയത്. അതിനുശേഷം നബീറയെ കൊല്ലുമെന്ന് ബസ് സ്റ്റോപ്പിലും ബസിനുള്ളിലും വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. റെയിൻകോട്ടും തൊപ്പിയും ധരിച്ച് സ്കൂട്ടറിൽ അക്ഷയ കേന്ദ്രത്തിലെത്തിയ റഹീം നബീറയുടെ മുടിയിൽ കുത്തിപ്പിടിച്ച് മണ്ണെണ്ണ കുപ്പിയെടുത്തതോടെ കാബിനിലുണ്ടായിരുന്ന മറ്റൊരു യുവതി നിലവിളിച്ച് പുറത്തേക്കോടുകയു  മറ്റ് ജീവനക്കാർ എത്തിയപ്പോൾ  റഹീം വാതിലടച്ചശേഷം തീകൊളുത്തുകയായിരുന്നു. ഇയാളുടെ ശരീരത്തിലും ചെറിയ പൊള്ളലേറ്റു. തുടർന്ന് കത്തിവീശി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ഇയാൾ  പുറത്തേക്കോടി.  പരവൂർ ഭാഗത്തേക്ക് ഓടി നൂറുമീറ്ററിനപ്പുറം ഇടവഴിയിൽ വച്ച് കഴുത്തറുത്തശേഷം സമീപത്തെ വീട്ടിലെ കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു. ഫയർഫോഴ്സെത്തി പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്

Related Topics

Share this story