സ്ത്രീയെ കൊന്ന് കൊക്കയിലെറിഞ്ഞ കേസ്: പ്രതിയുമായി ഗൂഡല്ലൂരിൽ തെളിവെടുപ്പ്
Nov 18, 2023, 20:57 IST

കോഴിക്കോട്: സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന് മൃതദേഹം കൊക്കയിലെറിഞ്ഞ കേസിൽ പ്രതിയുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു. കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബ കൊല്ലപ്പെട്ട കേസിൽ ഒന്നാംപ്രതി താനൂർ കുന്നുംപുറം പള്ളിവീട്ടിൽ സമദുമായി കസബ ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ് വെള്ളിയാഴ്ച ഗൂഡല്ലൂരിൽ തെളിവെടുപ്പ് നടത്തി. കൊലക്കുശേഷം സമദും കൂട്ടുപ്രതി സുലൈമാനും ഗൂഡല്ലൂരിലെത്തി താമസിച്ച മുറിയിലും മറ്റുമാണ് പരിശോധന നടത്തിയത്. കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിച്ച രീതിയടക്കമുള്ളവ പ്രതി പൊലീസിന് വിശദീകരിച്ചുനൽകി. വ്യാഴാഴ്ച സമദിനെ ഇരു പ്രതികളും ഗൂഢാലോചന നടത്തിയ തിരൂരിലെ ലോഡ്ജിൽ ഉൾപ്പെടെ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു.