തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് പ്രതികരിച്ചു. ഔദ്യോഗിക പരാതികൾ വരുന്നതിന് മുൻപേ തന്നെ കോൺഗ്രസ് രാഹുലിനെതിരെ നടപടിയെടുത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.(Will not protect him like CPM, Youth Congress on Rahul Mamkootathil issue)
"യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് രാഹുലിനെ മാറ്റി. എടുക്കാവുന്ന നടപടികൾ പാർട്ടി നേരത്തെ എടുത്തതാണ്. പരാതി ഇപ്പോഴാണ് വന്നത്." – ഒ.ജെ. ജനീഷ് പറഞ്ഞു. ഏത് അന്വേഷണം ഉണ്ടെങ്കിലും നടക്കട്ടെ. കോടതിയാണ് ശിക്ഷ വിധിക്കേണ്ടത്. പരാതിക്കാരിക്ക് നീതി കിട്ടണം. നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാം. അതിന് യൂത്ത് കോൺഗ്രസ് എതിര് നിൽക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"മുകേഷിന് സംരക്ഷണം തീർക്കാൻ സി.പി.ഐ.എം. ഇറങ്ങിയത് പോലെ യൂത്ത് കോൺഗ്രസ് ഇറങ്ങില്ല," എന്നും ജനീഷ് പറഞ്ഞു. അതേസമയം, ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പൊലീസ് സജീവമാക്കി. എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ഈ നടപടി.
യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ രാഹുലിനും സുഹൃത്ത്, അടൂർ സ്വദേശിയായ വ്യാപാരിക്കുമായി പൊലീസ് അന്വേഷണം നടത്തുകയാണ്. രാഹുലിന്റെ സുഹൃത്ത് വഴിയാണ് ഗർഭച്ഛിദ്ര ഗുളിക എത്തിച്ചതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുഹൃത്ത് ജോബി ജോസഫിനെയും കേസിൽ പ്രതി ചേർത്തത്.