പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സസ്പെൻഡ് ചെയ്തതിന് ശേഷം അദ്ദേഹം കോൺഗ്രസിന്റെ ഔദ്യോഗിക പരിപാടികളിൽ ഒരിടത്തും പങ്കെടുത്തിട്ടില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ പങ്കെടുക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ താൽപ്പര്യപ്രകാരമാണെന്നും എം.പി. വ്യക്തമാക്കി.(VK Sreekandan MP says he is not the PA of Rahul Mamkootathil )
യുവതിയുടെ പരാതിക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, "അദ്ദേഹത്തിന്റെ പിഎ അല്ല ഞാൻ" എന്ന മറുപടിയാണ് വി.കെ. ശ്രീകണ്ഠൻ നൽകിയത്. രാഹുലിനെതിരെ ആരോപണം ഉയർന്ന ഉടൻ തന്നെ പാർട്ടി ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"ഇപ്പോൾ പരാതി വന്ന സ്ഥിതിക്ക് വസ്തുത എന്താണെന്ന് പോലീസ് കണ്ടെത്തട്ടെ. ഇവിടെ ഒരു നിയമവ്യവസ്ഥയുണ്ട്, കോടതിയാണ് അന്തിമമായി തീരുമാനമെടുക്കേണ്ടത്," ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു. സസ്‌പെൻഷന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ ഒരു ഔദ്യോഗിക പരിപാടിയിലും പങ്കെടുത്തിട്ടില്ല. സ്വന്തമായ നിലക്ക് അയാൾ പ്രചാരണം നടത്തുന്നത് വ്യക്തിപരമായ കാര്യമാണെന്നും എം.പി. കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കടത്ത് കേസിൽ ഒരു മുൻ എംഎൽഎ ജയിലിലാണ്. എന്തെങ്കിലും നടപടി സി.പി.എം. എടുത്തോ എന്നും വി.കെ. ശ്രീകണ്ഠൻ ചോദിച്ചു. ജനപ്രതിനിധിയായിരിക്കുന്ന ആളാണ് രാഹുലെന്നും കോൺഗ്രസ് എം.പി. ചൂണ്ടിക്കാട്ടി.