വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് എം വിൻസെന്റ് എംഎൽഎ

ആദ്യ ചരക്കുകപ്പൽ നങ്കൂരമിടാൻ ഒരുങ്ങുന്ന വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് എം വിൻസെന്റ് എംഎൽഎ പറഞ്ഞു. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണ്. ഉമ്മൻചാണ്ടിയുടെ ശ്രമഫലമായാണ് തുറമുഖം യാഥാർഥ്യമായതെന്നും അതിനാൽ തുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാവശ്യപ്പെട്ട് സഭയിൽ സമർപ്പിക്കാനിരുന്ന നിവേദനത്തിന് അനുമതി നിഷേധിച്ചതായും എംഎൽഎ ആരോപിച്ചു. 'നാളെ നടക്കുന്ന തുറമുഖത്തിന്റെ പേരിടൽ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചിട്ടില്ല. എംഎൽഎമാരെയും എംപിമാരെയും നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉമ്മൻചാണ്ടിയുടെ ജീവനുള്ള സ്മാരകമാണ് തുറമുഖം' അദ്ദേഹം പറഞ്ഞു. 2019 ഡിസംബറിൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതിയിൽ കാലതാമസമുണ്ടായെന്നും എംഎൽഎ കുറ്റപ്പെടുത്തി.