തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. നൽകിയ മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തർക്ക ഹർജി സമർപ്പിച്ചു. തിരുവനന്തപുരം രണ്ടാം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് ഹർജി പരിഗണിച്ചത്. ഒക്ടോബർ 8-ന് താൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് തർക്ക ഹർജിയിൽ വി.ഡി. സതീശൻ വ്യക്തമാക്കി. കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട ഹർജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും പ്രതിപക്ഷ നേതാവ് ഹർജിയിൽ പറയുന്നു.(VD Satheesan files counter-petition in the defamation case filed by Kadakampally Surendran in the Sabarimala gold theft case)
വി.ഡി. സതീശൻ നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾക്കെതിരെയാണ് കടകംപള്ളി സുരേന്ദ്രൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും, പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തിൽ വാർത്താസമ്മേളനം നടത്താൻ പാടില്ലെന്നുമാണ് കടകംപള്ളി സുരേന്ദ്രന്റെ ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.
"ദ്വാരപാലക ശിൽപം ഏത് കോടീശ്വരന് കൊടുത്തുവെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്നാണ് താൻ പറഞ്ഞത്. അതിന് അദ്ദേഹം രണ്ട് കോടി നഷ്ടപരിഹാരം ചോദിച്ച് നോട്ടീസ് അയച്ചു. എന്നാൽ, മാനനഷ്ട കേസ് കോടതിയിൽ എത്തിയപ്പോൾ തുക പത്തു ലക്ഷമായി കുറഞ്ഞു," വി.ഡി. സതീശൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ മറുപടി സമർപ്പിക്കാൻ വി.ഡി. സതീശൻ സമയം ആവശ്യപ്പെട്ടിരുന്നു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വി.ഡി. സതീശന് വേണ്ടി ഹാജരായ അഭിഭാഷകനും വാക്കാൽ അറിയിച്ചിരുന്നു. തുടർന്നാണ് കേസ് ഡിസംബർ ഒന്നിലേക്ക് മാറ്റിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവ് തർക്ക ഹർജി നൽകിയത്.
ശബരിമലയിലെ ദ്വാരപാലക ശിൽപം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും, ആർക്കാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളിയോട് ചോദിച്ചാൽ അറിയാമെന്നുമായിരുന്നു വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. മാനനഷ്ടക്കേസിന് ശേഷവും അദ്ദേഹം ആരോപണങ്ങൾ ആവർത്തിച്ചു: ശബരിമല സ്വർണക്കൊള്ളയിൽ സി.പി.എമ്മിന് പങ്കുണ്ടെന്നും ഒരുപാട് ആളുകൾ ഇനിയും ജയിലിലേക്ക് പോകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
രണ്ട് പ്രധാന നേതാക്കൾ അറസ്റ്റിലായിട്ടും പാർട്ടി ഒരു നടപടിയും എടുക്കാൻ സാധിച്ചിട്ടില്ല. ഉന്നത സി.പി.എം. നേതാക്കൾ ജയിലിലാകുമെന്ന ഭയത്താലാണ് അറസ്റ്റിലായവർക്കെതിരെ പാർട്ടി നടപടിയെടുക്കാത്തതെന്നും സതീശൻ ആരോപിച്ചു."കടകംപള്ളിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായിട്ടുള്ള ബന്ധത്തിന്റെ തെളിവുണ്ട്. തനിക്കെതിരെ കേസ് വരുമ്പോൾ അത് ഹാജരാക്കും," എന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.