വി ഡി സതീശൻ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നു; നിയമസഭ കോപ്രായത്തിനുള്ള വേദിയാക്കരുതെന്ന് ഇ പി
Sat, 18 Mar 2023

തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച സംഭവത്തിൽ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അടിയന്തര പ്രമേയം അംഗീകരിക്കണോ എന്ന് തീരുമാനിക്കേണ്ടത് സിപീക്കറാണെന്നും നിയമസഭ കോപ്രായങ്ങളുടെ വേദിയാക്കരുതെന്നും അദ്ദേഹം അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇ പി ജയരാജൻ ആരോപിച്ചു. പ്രതിപക്ഷം അഭ്യൂഹങ്ങളും ആരോപണങ്ങളുമാണ് അടിയന്തര പ്രമേയമായി കൊണ്ടുവരുന്നതെന്നും സിപിഎം നേതാവ് കുറ്റപ്പെടുത്തി. പ്രാധാന്യമില്ലാത്ത വിഷയങ്ങൾ അടിയന്തര പ്രമേയത്തിനായി കൊണ്ടു വരുന്നു. വ്യക്തിപരമായ ആരോപണങ്ങൾ അടിയന്തര പ്രമേയത്തിനായി ഉന്നയിക്കാൻ പാടില്ലെന്നാണ് നിയമം എന്നാൽ അതെല്ലാം ലംഘിക്കപ്പെടുന്നു. കൂടാതെ സഭയിൽ ബാനർ, മുദ്രാവാക്യം വിളി എന്നിവ പാടില്ലെന്നും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിന് വിലക്കുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി. എന്നാൽ ഇതൊന്നും തനിക്ക് ബാധകമല്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാടെന്നും നിയമസഭയുടെ അന്തസ് കാക്കാൻ അദ്ദേഹം തയ്യാറാകണമെന്നും ഇ പി ജയരാജൻ പറഞ്ഞു.