തിരുവനന്തപുരം : കേരള സർവകലാശാലയിലെ താൽകാലിക വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത രജിസ്ട്രാറെ തിരിച്ചെടുക്കാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. യോഗത്തിൽ പങ്കെടുത്ത 22ൽ 19 അംഗങ്ങളും രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു.
വിസിയും രണ്ട് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളും ഒഴികെ യോഗത്തിൽ പങ്കെടുത്ത മറ്റെല്ലാവരും അനിൽകുമാറിനെ തിരിച്ചെടുക്കാം എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഭൂരിപക്ഷാഭിപ്രായത്തെ അംഗീകരിക്കാൻ വിസി തയ്യാറാകാതെ ഇറങ്ങിപ്പോവുകയായിരുന്നു.
രജിസ്ട്രാറെ തിരിച്ചെടുക്കുന്നതിൽ സിൻഡിക്കേറ്റിന് തീരുമാനിക്കാം എന്നായിരുന്നു ഹൈക്കോടതിവിധി. എന്നാൽ സിൻഡിക്കേറ്റ് തീരുമാനവും ഹൈക്കോടതി നിർദേശവും വിസി ചെവികൊണ്ടില്ല എന്ന് കാട്ടി ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് തീരുമാനം.സസ്പെൻഷൻ കാലത്ത് അനധികൃതമായി ഫയലുകൾ ഒപ്പിട്ടു എന്നാണ് വിസിയുടെ ആരോപണം.