തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ യാത്രക്കിടെ 19 വയസ്സുകാരിയെ ചവിട്ടി പുറത്തേക്ക് തള്ളിയിട്ട കേസിലെ പ്രതി സുരേഷ് കുമാറിനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.(Varkala train attack case, Accused to be taken into custody today)
കഴിഞ്ഞ ദിവസം ജയിലിൽ വെച്ച് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ സുരേഷ് കുമാറിന്റെ തിരിച്ചറിയൽ പരേഡ് നടത്തിയിരുന്നു. കേസിലെ പ്രധാന സാക്ഷികൾ പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ജനറൽ കമ്പാർട്ട്‌മെന്റിന്റെ വാതിലിന് സമീപം ഇരിക്കുകയായിരുന്ന ശ്രീക്കുട്ടിയെയാണ് (19) പ്രതി സുരേഷ് കുമാർ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തേക്ക് തള്ളിയിട്ടത്. ട്രെയിനിൽ പ്രതി പുകവലിച്ചത് ശ്രീക്കുട്ടി ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഒപ്പമുണ്ടായിരുന്ന അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു. ശ്രീക്കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു.) ചികിത്സയിൽ തുടരുകയാണ്.
അർച്ചനയുടെ ബഹളം കേട്ട് ട്രെയിനിലുണ്ടായിരുന്ന, ചുവന്ന ഷർട്ട് ധരിച്ച ഒരാളാണ് ആദ്യം രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത്. ഇദ്ദേഹം അർച്ചനയെ സുരക്ഷിതയാക്കിയ ശേഷം പ്രതിയെ കീഴടക്കുകയും ചെയ്തു. എന്നാൽ, ഈ രക്ഷകനെ പിന്നീട് ട്രെയിനിലുണ്ടായിരുന്ന ആരും കണ്ടില്ല. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. സ്വന്തം ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയ ഈ മുഖ്യസാക്ഷിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.
അതേസമയം, ട്രെയിനിൽ കയറുന്നതിന് മുമ്പ് കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള ബാറിൽ നിന്ന് സുരേഷ് കുമാർ അമിതമായി മദ്യപിച്ചിരുന്നുവെന്നതിന് പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.