കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമിക്ക് ശുദ്ധിപത്രം നൽകാനുള്ള ശ്രമത്തിലാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. കണ്ണൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(UDF is trying to give a clean chit to Jamaat-e-Islami says CM Pinarayi Vijayan)
യു.ഡി.എഫിൽ നിന്ന് ആളുകൾ വലിയ രീതിയിൽ കൊഴിഞ്ഞുപോവുകയാണ്. ഇതോടെയാണ് അവർ പുതിയ മാർഗം തേടുന്നത്. ഏതെങ്കിലും പുതിയ ശക്തിയെ കൂട്ടുകിട്ടുമോ എന്നാണ് അവർ നോക്കുന്നത്. അതിന് ശ്രമിച്ചപ്പോൾ ഇന്ന് എത്തി നിൽക്കുന്നത് സാധാരണഗതിയിൽ മുന്നണികളുടെയൊന്നും ഭാഗമാക്കാൻ പറ്റാത്ത വർഗീയ തീവ്രവാദ ശക്തികളിലാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു.
കോൺഗ്രസിന്റേയും ലീഗിന്റേയും നേതാക്കൾ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് നല്ലവർത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയാണ്. മുസ്ലീം ബഹുജനങ്ങളിൽ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ല. കാരണം അവർ മുസ്ലീം ബഹുജനങ്ങളുടെയിടയിൽ വലിയ രീതിയിൽ ഒറ്റപ്പെട്ടുപോയ പ്രസ്ഥാനമാണ്.
തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ വിശ്വസിക്കാത്തവരും രാജ്യത്തിന്റെ പൊതുവായ കാര്യങ്ങളിൽ താൽപര്യമില്ലാത്തവരുമാണ് ജമാഅത്തെ ഇസ്ലാമി. അവരുടേതായ നിലപാടാണ് അവർ എല്ലാ ഘട്ടത്തിലും സ്വീകരിച്ചുപോന്നിരുന്നത്. ഇതോടെ വലിയ രീതിയിൽ നുണപ്രചാരണത്തിന് അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.