'തിരികെ സ്കൂളില്‍' റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ദ്വിദിന സംസ്ഥാനതല പരിശീലനം ആരംഭിച്ചു

കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന്‍റെ ഭാഗമായി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ദ്വിദിന സംസ്ഥാനതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. പീച്ചി വനംവകുപ്പിന്‍റെ ഗവേഷണ സ്ഥാപനത്തിലാണ് പരിശീലന പരിപാടി. 130 പരീശീലന ടീം അംഗങ്ങളും സംസ്ഥാന കോര്‍ ടീം അംഗങ്ങളുമാണ് ഇതില്‍b പങ്കെടുക്കുന്നത്.

വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തു വരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്കൂളില്‍' സംസ്ഥാനതല ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി അയല്‍ക്കൂട്ട വനിതകള്‍ വീണ്ടും പഠിതാക്കളായി വിദ്യാലയങ്ങളിലേക്കെത്തും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്. ഓരോ സി.ഡി.എസിനു കീഴിലുമുള്ള വിദ്യാലയങ്ങളിലാണ് അയല്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുക. അവധി ദിനങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പെയ്നു വേണ്ടി സംസ്ഥാനത്ത് രണ്ടായിരത്തിലേറെ സ്കൂളുകള്‍ വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടുണ്ട്.
സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നാളിതു വരെ സംഘടിപ്പിച്ചതില്‍ ഏറ്റവും ബൃഹത്തായ ക്യാമ്പെയ്നായിരിക്കും 'തിരികെ സ്കൂളില്‍'. വിജ്ഞാന സമ്പാദനത്തിന്‍റെ ഭാഗമായി 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ പഠിതാക്കളായി എത്തുന്നു എന്നതാണ് ക്യാമ്പെയ്ന്‍റെ മുഖ്യ സവിശേഷത. 20000 ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റികള്‍, 1071 സി.ഡി.എസുകള്‍, 15,000 റിസോഴ്സ് പേഴ്സണ്‍മാര്‍, കുടുംബശ്രീ സ്നേഹിത, വിവിധ പരിശീലന ഗ്രൂപ്പിലെ അംഗങ്ങള്‍, സംസ്ഥാന ജില്ലാ മിഷന്‍ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ അര കോടിയിലേറെ പേരാണ് ക്യാമ്പെയ്നില്‍ പങ്കാളിത്തം വഹിക്കുക.
സ്കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ളാസ് സമയം. 9.30 മുതല്‍ 9.45 വരെ അസംബ്ളിയാണ്. ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. അതിനു ശേഷം ക്ളാസുകള്‍ ആരംഭിക്കും. സംഘാടന ശക്തി അനുഭവ പാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്‍റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം നല്‍കുക. പരിശീലനം ലഭിച്ച 15000ത്തോളം റിസോഴ്സ് പേഴ്സണ്‍മാരാണ് അധ്യാപകരായി എത്തുന്നത്. ഉച്ചയ്ക്ക് മുമ്പ് പതിനഞ്ച് മിനിട്ട് ഇടവേളയുണ്ട്. ഒന്നു മുതല്‍ ഒന്നേ മുക്കാല്‍ വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക. കൂടാതെ ഈ സമയത്ത് ചെറിയ കലാപരിപാടികളും നടത്തും. ഓരോ പീഡിയഡ് കഴിയുമ്പോഴും ബെല്ലടിക്കും. ഉച്ചഭക്ഷണം, കുടിവെള്ളം. സ്നാക്സ്, സ്കൂള്‍ ബാഗ്, സ്മാര്‍ട്ട് ഫോണ്‍, ഇയര്‍ഫോണ്‍ എന്നിവ വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് കൊണ്ടു വരേണ്ടത്. താല്‍പര്യമുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് യൂണിഫോമും ധരിക്കാം.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുകയാണ് ക്യാമ്പെയ്ന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അയല്‍ക്കൂട്ടങ്ങളിലെ സൂക്ഷ്മസാമ്പത്തിക ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപദവി ഉയര്‍ത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും ക്യാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നു.
ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ സി.സി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഓണ്‍ലൈനായി പരിശീലനാര്‍ത്ഥികളോട് സംസാരിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ രതീഷ് പീലിക്കോട്, ഡോ.വി.പി.പി മുസ്തഫ, ഡോ.എം.കെ രാജശേഖരന്‍, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ അനീഷ് കുമാര്‍, നിഷാദ് സി.സി, എക്സാത്ത് ട്രെയിനിങ്ങ് ടീം അംഗം ശാന്തകുമാര്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. നിഷാദ് സി.സി സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ റെജി തോമസ് നന്ദിയും പറഞ്ഞു. പരിശീലന പരിപാടി ഇന്ന് സമാപിക്കും.