ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേർക്ക് 13 വര്‍ഷം വീതം തടവ്

മഞ്ചേരി: ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേരെ മഞ്ചേരി എസ്.സി-എസ്.ടി കോടതി 13 വര്‍ഷം തടവിനും 25,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. പൊന്നാനി വെളിയങ്കോട് കരിമ്പുല്ല് വടക്കേപുറത്ത് വീട്ടില്‍ അബ്ദുല്‍ മാലിക് (23), വട്ടംകുളം ഉദിനിക്കൂട്ടില്‍ മുഹമ്മദ് റാഫി (25) എന്നിവരെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.

2021 സെപ്റ്റംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനോട് ചേര്‍ന്ന് യുവതി നടത്തുന്ന കടയിലേക്ക് എത്തിയ പ്രതികള്‍ ശീതളപാനീയം ആവശ്യപ്പെട്ടിരുന്നു.
യുവതി ഇതെടുക്കാനായി വീടിനകത്തേക്ക് പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയ ഒന്നാം പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ടാം പ്രതി ഇതിന് ഒത്താശ ചെയ്യുകയും ഒന്നാം പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുകയുമായിരുന്നു.
ചങ്ങരംകുളം എസ്.ഐയായിരുന്ന ഹരിഹരസുനു രജിസ്റ്റര്‍ ചെയ്ത കേസിൽ തിരൂര്‍ ഡിവൈ.എസ്.പിയായിരുന്ന വി.വി. ബെന്നിയാണ് പ്രതിയെ അറസ്റ്റ് ചെയത് കുറ്റപത്രം സമര്‍പ്പിച്ചത്.