തിരുവനന്തപുരം: എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കോൺഗ്രസിനെ നശിപ്പിക്കാൻ ബി.ജെ.പി. റിക്രൂട്ട് ചെയ്ത 'ട്രോജൻ കുതിര'യാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കെ.സി. വേണുഗോപാലിന്റെ സമീപകാല പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.(Trojan horse recruited by BJP, Minister V Sivankutty against KC Venugopal)
ബി.ജെ.പിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ വേണ്ടി മനഃപൂർവ്വം രാജ്യസഭാ സ്ഥാനാർത്ഥിത്വം ഒഴിഞ്ഞുകൊടുത്ത മഹാനാണ് കെ.സി. വേണുഗോപാൽ. രാഹുൽ ഗാന്ധിക്ക് തെറ്റായ ഉപദേശങ്ങൾ നൽകി, തിരഞ്ഞെടുപ്പ് നടക്കുന്ന ഓരോ സംസ്ഥാനങ്ങളിലും കോൺഗ്രസിനെ നിലംപരിശാക്കുന്ന തന്ത്രമാണ് അദ്ദേഹം പയറ്റുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം തകർക്കാനാണ് കെ.സി. വേണുഗോപാൽ ശ്രമിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.
സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഉന്നം വെക്കുമ്പോഴും, കോൺഗ്രസിനെ നയിക്കുന്ന സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാൽ മാത്രം സുരക്ഷിതനായി തുടരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. ഇത് അദ്ദേഹവും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര സജീവമാണെന്നതിന്റെ തെളിവാണ്.
കെ.സി. വേണുഗോപാലിന്റെ അടുത്ത ലക്ഷ്യം കേരളത്തിൽ ബി.ജെ.പിക്ക് അടിത്തറ ഒരുക്കലാണ്. സ്വന്തം പാർട്ടിക്ക് കുഴിതോണ്ടുന്ന ഈ നീക്കം ഓരോ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും തിരിച്ചറിയണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നെന്നാരോപിച്ച് കെ.സി. വേണുഗോപാൽ നേരത്തെ കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
കേന്ദ്രസർക്കാരിന്റെ ലേബർ കോഡ് നടപ്പിലാക്കുന്നത് മുൻകൂട്ടി കണ്ടുകൊണ്ട് കേരളത്തിൽ മാറ്റങ്ങൾ വരുത്തിയത് ബി.ജെ.പി.യുടെ താല്പര്യ പ്രകാരമാണ് കേരള സർക്കാർ പ്രവർത്തിക്കുന്നത് എന്നതിന്റെ തെളിവാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. പി.എം. ശ്രീ പദ്ധതിയിൽ കേന്ദ്ര ഗസര്ക്കാരിന്റെ ഇച്ചയ്ക്ക് അനുസരിച്ചാണ് കേരള സർക്കാർ പ്രവർത്തിച്ചത്.
ലേബർ കോഡിൽ എന്താണ് സി.പി.എമ്മിന്റെ നിലപാടെന്ന് ചോദിച്ച അദ്ദേഹം, തൊഴിലാളി പാർട്ടി എന്ന ലേബൽ സി.പി.എം. മടക്കിവെച്ചോ എന്നും ചോദിച്ചു. ഒന്നിന് പുറകെ ഒന്നായി ബി.ജെ.പി.യോട് വിധേയത്വം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ സ്വർണക്കൊള്ളയിലും കെ.സി. വേണുഗോപാൽ സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.
മുൻ ദേവസ്വം പ്രസിഡന്റിന്റെ മൊഴിയനുസരിച്ച് മുൻമന്ത്രിയുടെ പേര് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ശബരിമല വിഷയത്തിൽ ആരെയാണ് സർക്കാർ സംരക്ഷിക്കുവാൻ ശ്രമിക്കുന്നത്? എസ്.ഐ.ടി.യുടെ അന്വേഷണം ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടതുണ്ട്. ഹൈക്കോടതിയുടെ നടപടി ഇല്ലായിരുന്നുവെങ്കിൽ ഇപ്പോഴും ഈ പ്രതികൾ കളവ് തുടർന്നേനെയെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.