പൂകൃഷിയിൽ സംസ്ഥാനതലത്തിൽ തൃശൂർ ഒന്നാമത്
Sep 4, 2023, 23:20 IST

ഓണത്തോടനുബന്ധിച്ച് പൂ പാടം ഒരുക്കി തൃശൂർ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. ജില്ലയിൽ 16 ബ്ലോക്കുകളിലായി 100 ജെ. എൽ. ജി ഗ്രൂപ്പുകൾ 186.35 ഏക്കറുകളിലായാണ് ചെണ്ടുമല്ലി കൃഷി ചെയ്ത് ഓണത്തിന് വിളവെടുത്തത്. കൃഷിയിൽ 102492.5 കിലോ ഉത്പാദനം ലഭിച്ചു. നല്ല വരുമാനവും നേടി.ഇതര സംസ്ഥാനങ്ങളിലെ പൂക്കളെയായിരുന്നു കഴിഞ്ഞ ഓണക്കാലത്ത് അത്തപ്പൂക്കളം ഒരുക്കാൻ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത്. എന്നാൽ ഇത്തവണ കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകളുടെ പൂക്കൾ കുടുംബശ്രീ ചന്തകളിലും പ്രാദേശിക വിപണികളിലും ഇടം പിടിക്കുകയും കൃഷിസ്ഥലങ്ങളിൽ നേരിട്ട് പൂവ് വിപണനം നടത്തുകയും ചെയ്തു.കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അടുത്ത വർഷം പൂ കൃഷി കൂടുതൽ ഗ്രൂപ്പുകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ ഒന്നാമതായത് നാലര ഏക്കറിൽ പൂ കൃഷി ചെയ്ത വെള്ളാങ്കല്ലൂർ ബ്ലോക്കിലെ പടിയൂർ സി. ഡി. എസ്സിൽ പുലരി ജെ. എൽ. ജി ആണ്.