കൊച്ചി : മൂഴിക്കുളത്ത് മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയായ അമ്മയുമായി പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. ചാലക്കുടി പുഴയിലേക്ക് കുഞ്ഞിനെയെറിഞ്ഞ മൂഴിക്കുളം പാലത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. (Three year old girl murder case Ernakulam)
പ്രതിയെ ഇവിടെയെത്തിച്ചത് ഉച്ചയ്ക്ക് 12.15നാണ്. നാട്ടുകാർ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർത്തിയത്. പോക്‌സോ കേസ് ഉൾപ്പെടെയുള്ളതിനാൽ പ്രതിയുടെ മുഖം മറച്ചിരുന്നു. എന്നാൽ, മുഖം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം നടത്തി.
ഇതേത്തുടർന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് തിരിച്ച് പോയി. യാതൊരു ഭാവഭേദവുമില്ലാതെയാണ് കുഞ്ഞിനെ എറിഞ്ഞ ഭാഗമടക്കം പ്രതി കാട്ടിക്കൊടുത്തത്.