കൊച്ചി: കളിച്ചു ചിരിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോയതാണ് കല്യാണി എന്ന മൂന്ന് വയസുകാരി. ഇപ്പോഴിതാ അവൾ തിരികെയെത്തിയപ്പോൾ ഒരു നാട് മുഴുവനും ആ കുരുന്നിന് വിട ചൊല്ലുകയാണ്, ഒരുപക്ഷെ കേരളം മുഴുവനും. തിരുവാങ്കുളത്തെ വീട്ടിൽ പൊതുദർശനം പൂർത്തിയാക്കിയ കല്യാണിയുടെ സംസ്ക്കാര ചടങ്ങുകൾ പൊതുശ്‌മശാനത്തിൽ നടത്തി.(Three year old girl murder case Ernakulam)
ആ കുരുന്നിനെ കാണാൻ ഒരു നാട് മുഴുവനും എത്തി. സങ്കടക്കടലായിരുന്നു അവിടം. സംരക്ഷിക്കുമെന്ന് കരുതിയ കരങ്ങൾ തന്നെയാണ് അവളെ പുഴയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടത്. സ്വന്തം അമ്മയായ സന്ധ്യയാണ് അവളെ കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൂന്നരയോടെയാണ് കുഞ്ഞിൻ്റെ മൃതദേഹം പിതാവിൻ്റെ വീട്ടിലെത്തിച്ചത്.
ചാലക്കുടിപ്പുഴയുടെ ആഴങ്ങളിൽ കാത്തുസൂക്ഷിച്ചിരുന്ന ആ കുഞ്ഞ് മാലാഖയുടെ മൃതദേഹം കോരിച്ചൊരിയുന്ന മഴയ്ക്കിടയിലും നടത്തിയ എട്ടു മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. കല്യാണിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന് ഹൃദയാഘാതവും ഉണ്ടായി. ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളിൽ വെള്ളം കയറിയിരുന്നു.
പെൺകുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തിൽ അമ്മ കുറ്റം സമ്മതിച്ചെന്ന് ആലുവ റൂറൽ എസ് പി എം ഹേമലത അറിയിച്ചു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും, കൊലപാതക കാരണം വ്യക്തമായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. അടുത്ത ബന്ധുക്കളെ കൂടുതൽ ചോദ്യംചെയ്യുമെന്നാണ് റൂറൽ എസ് പി അറിയിച്ചത്.
മുൻപും കൊലപാതക ശ്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും, മാനസിക നില പരിശോധിക്കുന്നത് വിദഗ്ധ നിർദേശങ്ങൾക്ക് ശേഷമായിരിക്കുമെന്നും പറഞ്ഞ അവർ, വൈദ്യപരിശോധന നടത്തുമെന്നും, പറഞ്ഞ് കേൾക്കുന്ന പരാതികൾക്കനുസൃതമായി തെളിവ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം, മൂന്ന് വയസുള്ള പെൺകുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. പ്രതിയെ എസ് പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യംചെയ്യും. കൊലക്കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തത്.