ബാലരാമപുരത്തെ മൂന്ന് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ
Sep 4, 2023, 20:45 IST

ബാലരാമപുരം: ബാലരാമപുരത്തെ മൂന്ന് ജ്വല്ലറി കുത്തിത്തുറന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. 700 ലേറെ സി.സി.ടി.വി കാമറകൾ, 3600 ഫോൺ നമ്പറുകൾ, പത്ത് ജില്ലകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ തളിപ്പറമ്പ് പത്താൻ തറകര തെക്കേമുറിവീട്ടിൽ തങ്കച്ചനാണ് (56) പിടിയിലായത്. മൊബൈൽഫോൺ ഉപയോഗിക്കാത്ത പ്രതിയെ കണ്ടെത്തുക അതിദുഷ്കരമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ജൂലൈ 25ന് ബാലരാമപുരം ജങ്ഷനിൽ രണ്ട് മണിക്കൂറിനിടെയാണ് മൂന്ന് ജ്വല്ലറികൾ കുത്തിത്തുറന്ന് മോഷണം നടത്തിയത്. തിരുവനന്തപുരം റൂറൽ എസ്.പി ശിൽപാദേവയ്യയുടെ നിർദേശ പ്രകാരം ഡിവൈ.എസ്.പി അനിൽകുമാർ, ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ ടി. വിജയകുമാറിെൻറ നേതൃത്വത്തിൽ ബാലരാമപുരം സബ് ഇൻസ്പെക്ടർ ആൻറണി ജോസഫ് നെറ്റേ, േഗ്രഡ് എസ്.ഐ ബിനു ജസ്റ്റിസ്, സിവിൽ പൊലീസ് ഓഫിസർമാരായ പത്മകുമാർ, ഷിബു, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
